സൂര്യക്ക് 15 ലക്ഷത്തോളം വില വരുന്ന റോളക്‌സ് വാച്ച് സമ്മാനിച്ച് കമല്‍ഹാസന്‍; ചിത്രങ്ങള്‍

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (15:16 IST)

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയറ്ററുകളില്‍ വന്‍ ഹിറ്റായി മുന്നേറുകയാണ്. അഞ്ച് ദിവസംകൊണ്ട് 200 കോടിയാണ് വിക്രം ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. ഇപ്പോഴും ഹൗസ് ഫുള്‍ ഷോകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. കേരളത്തിലും വിക്രം തരംഗമായിട്ടുണ്ട്.

കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് വിക്രം നിര്‍മിച്ചിരിക്കുന്നത്. സിനിമ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് കമല്‍ഹാസന്‍ ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു. 13 സഹസംവിധായകര്‍ക്ക് അപ്പാച്ചെ ബൈക്കും കമല്‍ഹാസന്‍ സമ്മാനമായി നല്‍കി. ഇപ്പോള്‍ ഇതാ വിക്രമില്‍ തനിക്കൊപ്പം അഭിനയിച്ച നടന്‍ സൂര്യയ്ക്ക് സമ്മാനവുമായി കമല്‍ഹാസന്‍ എത്തിയിരിക്കുന്നു.


വിക്രമില്‍ അഥിതി വേഷമാണ് സൂര്യ അവതരിപ്പിച്ചത്. ക്ലൈമാക്‌സില്‍ മാത്രം എത്തിയ റോളക്‌സ് എന്ന വില്ലന്‍ വേഷമായിരുന്നു അത്. തിയറ്ററില്‍ വലിയ ആരവങ്ങളാണ് ഈ കഥാപാത്രം ഉണ്ടാക്കിയത്. പ്രതിഫലം വാങ്ങാതെയാണ് സൂര്യ വിക്രമില്‍ അഭിനയിച്ചത്.

റോളക്‌സ് കമ്പനിയുടെ തന്നെ പുത്തന്‍ വാച്ചാണ് സൂര്യയ്ക്ക് സമ്മാനമായി കമല്‍ഹാസന്‍ നല്‍കിയിരിക്കുന്നത്. സംവിധായകന്‍ ലോകേഷിനൊപ്പമാണ് കമല്‍ സൂര്യയെ കാണാന്‍ എത്തിയത്. പുതിയ വാച്ച് കമല്‍ഹാസന്‍ സൂര്യയുടെ കൈയില്‍ കെട്ടിക്കൊടുത്തു. ഇതിന്റെ ചിത്രങ്ങള്‍ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.


' ഇതുപോലൊരു നിമിഷം എന്റെ ജീവിതത്തെ സുന്ദരമാക്കുന്നു. നന്ദി അണ്ണാ, ഈ റോളക്‌സിന് !' സൂര്യ കുറിച്ചു.

കമല്‍ സൂര്യക്ക് സമ്മാനിച്ച വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. റോളക്‌സ് ബ്രാന്‍ഡിന്റെ ഓയ്‌സ്റ്റര്‍ പെര്‍പെച്വല്‍ ഡേ-ഡേറ്റ് ഗോള്‍ഡ് വാച്ചാണ് കമല്‍ സൂര്യക്ക് സമ്മാനിച്ചിരിക്കുന്നത്. ഇതിന്റെ വില 14,72,500 ആണ് !
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :