Kalamkaval Release: കളങ്കാവല്‍ ഒക്ടോബറില്‍; മമ്മൂട്ടി സെപ്റ്റംബറില്‍ കേരളത്തില്‍
ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ച് മമ്മൂട്ടി കമ്പനി പുതിയ പോസ്റ്ററും പുറത്തിറക്കി
Mammootty
Kochi|
രേണുക വേണു|
Last Updated:
തിങ്കള്‍, 18 ഓഗസ്റ്റ് 2025 (18:01 IST)
Kalamkaval Release: മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' ഒക്ടോബറില്‍ തിയറ്ററുകളിലെത്തും. വിതരണക്കമ്പനിയായ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് തിയറ്റര്‍ ചാര്‍ട്ടിങ് ആരംഭിച്ചു. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ച് മമ്മൂട്ടി കമ്പനി പുതിയ പോസ്റ്ററും പുറത്തിറക്കി. നാവുകടിച്ച്, കൈയില്‍ ലൈറ്ററുമായി ക്രൗരഭാവത്തിലാണ് പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയെ കാണുന്നത്. ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലീസുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്ഡേറ്റുകള്‍ ഉടനുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ആരോഗ്യബുദ്ധിമുട്ടുകളെ തുടര്‍ന്ന് അഞ്ച് മാസത്തിലേറെയായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മമ്മൂട്ടി ഉടന്‍ സജീവമാകുമെന്ന സൂചന കൂടിയാണ് ഈ പോസ്റ്റര്‍ നല്‍കുന്നത്. ചികിത്സകളുടെ ഭാഗമായി ചെന്നൈയിലാണ് മമ്മൂട്ടി ഇപ്പോള്‍. താരം ഉടന്‍ കേരളത്തില്‍ തിരിച്ചെത്തും. മമ്മൂട്ടി തിരിച്ചെത്തിയ ശേഷമേ കളങ്കാവല്‍ റിലീസ് ഉണ്ടാകൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ തിരിച്ചുവരവിനുള്ള സൂചന കൂടിയാണ് കളങ്കാവല്‍ അപ്ഡേറ്റ് എന്ന് ആരാധകര്‍ കരുതുന്നു. കളങ്കാവല്‍ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുക്കും. ഒക്ടോബറിലാണ് റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരം മമ്മൂട്ടി കേരളത്തിലെത്തുമെന്നാണ് വിവരം.
ഒരു ക്രൈം ഡ്രാമയായാണ് കളങ്കാവല്‍ ഒരുക്കിയിരിക്കുന്നത്. വിനായകന്‍ ആണ് നായകന്‍. സൈക്കോപാത്തായ ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടിക്ക്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.