നിഹാരിക കെ എസ്|
Last Modified ചൊവ്വ, 5 നവംബര്‍ 2024 (10:37 IST)
പണി എന്ന സിനിമയെ വിമർശിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പെഴുതിയ ഗവേഷകവിദ്യാർഥിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ ജോജു ജോർജ്. അങ്ങനെയൊരു കോൾ ചെയ്യരുതായിരുന്നു എന്നാണ് ജോജു പറയുന്നത്. താനിപ്പോൾ നാട്ടിൽ എയറിൽ നിൽക്കുന്ന അവസ്ഥയിലാണെന്നും ജോജു പറയുന്നു.
'ആ നിരൂപണം പുള്ളി പല ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. അതിന്റെ പേരിലുണ്ടായ കോലാഹലത്തിൽ ഒരു കോൾ ചെയ്തുപോയതാണ്. അത് വിളിക്കരുതായിരുന്നു. അതിന്റെ പേരിൽ രണ്ട് ദിവസമായി ചർച്ചയാണ്. മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്. അതിനെ കുറിച്ച് ചർച്ചയില്ല', ജോജു പറഞ്ഞു.
ആദർശ് എന്ന യുവാവിനെയായിരുന്നു ജോജു വിളിച്ചത്. തന്റെമുന്നിൽ വരാൻ ധൈര്യമുണ്ടോയെന്നായിരുന്നു ജോജു ചോദിച്ചത്. കാണാമെന്ന വെല്ലുവിളിയോടെയാണ് സംഭാഷണം അവസാനിപ്പിച്ചത്. ജോജുവിന്റെ ഭീഷണി വിലപ്പോവില്ലെന്നും മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻവേണ്ടി പങ്കുവെക്കുന്നുവെന്നും പറഞ്ഞാണ് ആദർശ് ഫോൺസംഭാഷണം പുറത്തുവിട്ടത്.