'ആദ്യം നിലത്തിറങ്ങി നടക്ക്, താരമുഷ്ക് മടക്കി കൂട്ടി കൈയ്യിൽ വെച്ചാൽ മതി': ജോജുവിനെതിരെ ശാരദക്കുട്ടി

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2024 (10:26 IST)
നടൻ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പണിയുടെ റിവ്യു പറഞ്ഞ യുവാവിനെ ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പൈസ കൊടുത്ത് സിനിമകണ്ട ആൾക്ക് അതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് സോഷ്യൽ മീഡിയ വാദിക്കുന്നു. സിനിമയെ വിമർശിച്ചതിന് ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രംഗത്ത് വന്നത്.

ഇപ്പോഴിതാ നടനെതിരെ വിമർശനം ഉന്നയിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് എസ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എൻ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണമെന്നും താരമുഷ്ക് മടക്കി കൂട്ടി കൈയ്യിൽ വെച്ചാൽ മതിയെന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോൾ എന്തായാലും പണി എന്ന ചിത്രം കാണാൻ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന , ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവർ.
ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലൻസ് കണ്ടിരിക്കാമെന്നുണ്ടെങ്കിൽ മാത്രം പോയാൽ മതിയെന്ന്. എൻ്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു.
ആദർശിൻ്റെ റിവ്യു , attitude ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിൻ്റെ അക്രമാസക്തമായ ആ മൊബൈൽ സംഭാഷണം കേട്ടതോടെയാണ്.
പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്‌സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങൾ മുടക്കിയ വലിയകാശ് നിങ്ങൾക്ക് ലാഭമാക്കി മാറ്റണമെങ്കിൽ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓർമ്മവേണം.
ആദ്യം നിലത്തിറങ്ങി നടക്ക്.
എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എൻ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം.

അപ്പോൾ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാർ കൂടുതൽ ജാഗ്രത്താകണം. പ്രേക്ഷകർ കൂടുതൽ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്ക് മടക്കി കൂട്ടി കൈയ്യിൽ വെക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :