ജയസൂര്യയും സരിതയും അയല്‍ക്കാര്‍, മക്കളുടെ പ്രണയത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു; സൂപ്പര്‍താരത്തിന്റെ പ്രണയകഥ ഇങ്ങനെ

2002 ല്‍ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ജയസൂര്യ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവായിരുന്നു

രേണുക വേണു| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (10:24 IST)

ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടനാണ് ജയസൂര്യ. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് ജയസൂര്യ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള നായകപദവിയിലേക്ക് എത്തിയത്. ഇതിനിടെ സിനിമാ സ്‌റ്റൈലില്‍ ഒരു പ്രണയ വിവാഹവും ! അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറായ സരിതയാണ് ജയസൂര്യയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

2002 ല്‍ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ജയസൂര്യ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവായിരുന്നു. ഒരിക്കല്‍ ഏസിവി ചാനലിലെ ലൈവ് ഫോണ്‍ ഇന്‍ പരിപാടിയില്‍ ജയസൂര്യ പങ്കെടുക്കുകയായിരുന്നു. സരിതയുടെ അമ്മയും മുത്തശ്ശിയും അന്ന് ജയസൂര്യയോട് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇരുവരും ജയസൂര്യയുടെ വലിയ ആരാധകരായിരുന്നു. അന്ന് ജയസൂര്യയോട് സംസാരിക്കുമ്പോള്‍ തന്റെ മകള്‍ ആ നടന്റെ ജീവിതസഖിയാകുമെന്ന് സരിതയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു.

ഒരു അവധിക്കാലത്ത് കൊച്ചിയില്‍ വച്ചാണ് സരിത ജയസൂര്യയെ നേരില്‍ കാണുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായി. ഫോണില്‍ സംസാരിക്കാനും തുടങ്ങി. ഫോണിന്റെ അങ്ങേവശത്തുള്ള പെണ്‍കുട്ടിയോട് ജയസൂര്യയ്ക്ക് പ്രണയം തോന്നി തുടങ്ങിയിരുന്നു. എങ്കിലും ആ ഇഷ്ടം മനസില്‍ തന്നെ സൂക്ഷിച്ചു.

പിന്നീട് ജയസൂര്യയുടെയും സരിതയുടെയും കുടുംബം അയല്‍ക്കാരായി. തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് ഇരുവരും കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും വീട്ടുകാര്‍ അറിയാതെ ഒന്നിച്ച് പുറത്തുപോകാനും സമയം ചെലവഴിക്കാനും തുടങ്ങി. അപ്പോഴും വീട്ടുകാര്‍ അറിയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനമെടുത്തു. വീട്ടില്‍ കാര്യം അവതരിപ്പിച്ചു. ഇരുവരുടെയും വീട്ടുകാര്‍ ആദ്യം ഞെട്ടുകയാണ് ചെയ്തത്. പിന്നീട് വീട്ടുകാരുടെ അനുഗ്രഹത്തോടെ 2004 ജനുവരി 25 ന് ഇരുവരും വിവാഹിതരായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :