'അമ്മ'യുടെ താത്കാലിക കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷ് ഇറങ്ങിപ്പോയി; വിഭാഗീയത ശക്തമെന്ന് റിപ്പോര്‍ട്ട്

ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കുന്നതിലും പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷിന് അതൃപ്തിയുണ്ടെന്നാണ് വിവരം

രേണുക വേണു| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (11:29 IST)
താരസംഘടനയായ 'അമ്മ'യില്‍ വിഭാഗീയത ശക്തമാകുന്നു. താത്കാലിക കമ്മിറ്റി അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷ് ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കു പിന്നാലെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാരവാഹിസ്ഥാനം രാജിവെച്ച് എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുവരെ നിലവിലെ എക്‌സിക്യൂട്ടിവ് താത്കാലിക ഭരണചുമതല നിര്‍വഹിക്കുമെന്നായിരുന്നു വിശദീകരണം. ഈ ഗ്രൂപ്പില്‍ നിന്നാണ് ജഗദീഷ് 'ലെഫ്റ്റ്' അടിച്ചത്.

ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കുന്നതിലും പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഉടന്‍ ജനറല്‍ ബോഡി വിളിക്കണമെന്ന് ജഗദീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താത്കാലിക കമ്മിറ്റിയിലെ ആരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജഗദീഷ് എതിര്‍പ്പ് പരസ്യമാക്കിയതെന്നാണ് വിവരം.

'അമ്മ'യില്‍ വിഭാഗീയത ശക്തമാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 'അമ്മ'യിലെ ചില അംഗങ്ങള്‍ മറ്റൊരു സംഘടന രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ജനറല്‍ ബോഡി വൈകുന്നത് വിഭാഗീയത കൂടുതല്‍ ശക്തമാകാന്‍ കാരണമായേക്കുമെന്നാണ് ജഗദീഷ് അടക്കമുള്ളവരുടെ അഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :