കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (16:09 IST)
മലയാള സിനിമ ഇപ്പോള്‍ ആഘോഷിക്കപ്പെടുകയാണ്. നടീനടന്മാര്‍ പല അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും അവരോട് മലയാള സിനിമയുടെ വിജയങ്ങളുടെ ഫോര്‍മുലയെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ആടുജീവിതം പ്രമോഷന്‍ തിരക്കുകള്‍ക്കിടയിലും പൃഥ്വിരാജും നേരിടേണ്ടിവന്നു അത്തരം ഒരു ചോദ്യം. അതിന് നടന്‍ നല്‍കിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിനോടും പ്രേമിലുവിനോടും ഭ്രയുഗത്തോടും കടപ്പെട്ടിരിക്കുന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. മലയാളത്തില്‍ ഒരു സിനിമയുടെ വിജയം മലയാള സിനിമയുടെ മുഴുവന്‍ വിജയമാണെന്നും നടന്‍ പറയുന്നു.
കഴിഞ്ഞ സിനിമകളുടെ വിജയം തന്റെ വരാനിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
'ഒരാളുടെ വിജയം എല്ലാവരുടെയും വിജയമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകള്‍ മലയാളത്തില്‍ ഈയിടെ ഇറങ്ങിയ മികച്ച സിനിമകളാണ്. ആ സിനിമകളുടെ ബോക്‌സോഫീസ് കളക്ഷന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഞാനിത് പറയുന്നത്. ഈ സിനിമകളെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിന്റെ പ്രയോജനം നമുക്ക് ലഭിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ആളുകള്‍ക്ക് ഇപ്പോള്‍ ആടുജീവിതത്തിന് ഇത്രയും താല്പര്യം വര്‍ധിക്കുന്നത്? എന്തുകൊണ്ടാണ് ഈ ചിത്രത്തെ മലയാളത്തിലെ മറ്റൊരു വലിയ റിലീസ് ആയി കണക്കാക്കുന്നത് ? അതിനു കാരണം മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും പ്രേമലുവിന്റെയും ഭ്രമയുഗത്തിന്റെയും വിജയമാണ്. അവരുടെ വിജയമാണ് എന്റെ വിജയത്തിന് വഴിയൊരുക്കുന്നത്. അതിന് ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു അങ്ങനെ നോക്കുമ്പോള്‍ ഇത് വളരെ സെല്‍ഫിഷായ കാര്യം കൂടിയാണ്',- പൃഥ്വിരാജ് പറയുന്നു.