എന്തിനായിരുന്നു ആ തിടുക്കം? ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരികെ പോന്നതെന്തിന്? - ബാലുവിനെ ചതിച്ചത് ഡ്രൈവറോ?

അപർണ| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (12:24 IST)
കാർ അപകടത്തെ തുടർന്നായിരുന്നു വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറും മകളും മരിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. ബാലുവിന്റേയും മകൾ തേജസ്വിനിയുടെയും മരണത്തിൽ കേരളം നിശബ്ദമായിരുന്നു. അത്രമേൽ വേദനിപ്പിക്കുന്നതായിരുന്നു അവരുടെ മരണം.

എന്നാൽ, അപകടം സംഭവിച്ചതിന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ബാലുവിന്റേത് ഒരു കൊലപാതകമാണെന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ, ആരും പരാതി നൽകിയിരുന്നില്ല. ഇപ്പോൾ ഭാര്യ ലക്ഷ്‌മിയുടേയും ഡ്രൈവർ അർജുന്റേയും മൊഴിയിലെ വൈരുദ്ധ്യമാണ് കുടുംബക്കാർക്ക് സംശയമുണ്ടാക്കിയിരിക്കുന്നത്.

വടക്കുംനാഥനെ കണ്ടശേഷം അന്ന് തിരികെ പോരാൻ ബാലുവിനും ലക്ഷ്മിക്കും ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് അടുത്ത് തന്നെ ഒരു ഹോട്ടലിൽ അവർ റൂം ബുക്ക് ചെയ്തിരുന്നു എന്നത്. എന്നാൽ, ഉറക്കമിളച്ച് തന്നെ തിരികെ പോരാൻ ബാലുവിനെ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്നാണ് കുടുംബം ഇപ്പോൾ ആലോചിക്കുന്നത്.

ബാലുവിനെ ചതിച്ചത് ഡ്രൈവർ ആണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അപകടത്തെ തുടർന്ന് ഡ്രൈവറും ലക്ഷ്മിയും നൽകിയ മൊഴിയാണ് ഈ സംശയം വർധിക്കാൻ കാരണമായിരിക്കുന്നത്. അപകട സമയം കാർ ഓടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. എന്നാൽ ബാലു പുറകിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നെന്നാണ് ലക്ഷ്‌മി നൽകിയ മൊഴി. ഇക്കാര്യത്തിൽ ഡ്രൈവർ പറയുന്നത് നുണയാകാമെന്നാണ് കരുതുന്നു.

അപകടത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരിക്കുകയാണ്. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :