കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (13:04 IST)
നടി മല്ലിക സുകുമാരന്റെ അഭിനയ ജീവിതത്തിന്റെ അൻപതാം വാർഷികം കഴിഞ്ഞദിവസം ആഘോഷിച്ചിരുന്നു. നടിയെ ആദരിക്കുന്ന ചടങ്ങിൽ മകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞ വാക്കുകളാണ് ആരാധകരുടെ കണ്ണുകൾ നിറയ്ക്കുന്നത്.
അച്ഛൻ മരിച്ച ശേഷം അച്ഛനുമായി ആംബുലൻസിൽ പോയ നിമിഷങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ വാക്കുകൾ ഇടറുന്ന പൃഥ്വിരാജിനെ കണ്ട് മല്ലിക സുകുമാരന്റെയും ഇന്ദ്രജിത്തിന്റെയും കണ്ണുകൾ നിറഞ്ഞു.അമ്മയ്ക്കൊപ്പം അഭിനയിക്കുകയും അമ്മ അഭിനയിച്ച സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അപൂർവത തനിക്ക് മാത്രം സ്വന്തമാണെന്ന് അഭിമാനത്തോടെ പൃഥ്വിരാജ് പറഞ്ഞു.അച്ഛൻ മരിച്ചപ്പോൾ അമ്മ ഇനി എന്ത് ചെയ്യും എന്നോർത്താണ് സങ്കടപ്പെട്ടതെന്നും എന്നാൽ അമ്മ എന്തു ചെയ്തു എന്നതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന താനും ഇന്ദ്രജിത്തും എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
'എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛൻ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും? ഞാൻ ചേട്ടനോട് പറയുന്നുണ്ട് അമ്മ എന്ത് ചെയ്യും? പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും. ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിന് എല്ലാവർക്കും നന്ദി.''- പൃഥ്വിരാജ് പറഞ്ഞു.