രേണുക വേണു|
Last Modified ശനി, 13 ജൂലൈ 2024 (09:31 IST)
ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ 2' ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തുന്നു. റിലീസ് ദിനത്തില്‍ പ്രതീക്ഷിച്ചതിലും കുറവ് കളക്ഷനാണ് ചിത്രത്തിനു ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ബോക്‌സ്ഓഫീസ് ട്രാക്കര്‍ സാക് നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ 2 ആദ്യദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 26 കോടി മാത്രം. തമിഴ് പതിപ്പ് 17 കോടിയും തെലുങ്ക് പതിപ്പ് 7.9 കോടിയും നേടിയപ്പോള്‍ ഹിന്ദി പതിപ്പിന് കളക്ട് ചെയ്യാന്‍ സാധിച്ചത് വെറും 1.1 കോടി മാത്രം. കേരളത്തിലും തണുപ്പന്‍ പ്രതികരണമാണ് ആദ്യദിനം ഇന്ത്യന്‍ 2 വിന് ലഭിച്ചത്.
2022 ല്‍ റിലീസ് ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രം ആദ്യദിനം 28 കോടി കളക്ട് ചെയ്തിരുന്നു. വിക്രത്തിനേക്കാള്‍ വലിയ റിലീസുമായി എത്തിയിട്ടും ഇന്ത്യന്‍ 2 വിന് ആദ്യദിനം 26 കോടിയില്‍ ഒതുങ്ങേണ്ടി വന്നു. ആഗോള കളക്ഷനില്‍ വിക്രത്തെ മറികടക്കാന്‍ ഇന്ത്യന്‍ 2 വിന് സാധിക്കില്ലെന്ന് ആദ്യദിന ബോക്‌സ്ഓഫീസ് പ്രകടനത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. വിക്രം 430 കോടിയാണ് വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്.
1996 ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍' സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോള്‍ കമല്‍ ആരാധകരെല്ലാം വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തോട് നീതി പുലര്‍ത്താന്‍ സിനിമയ്ക്ക് സാധിച്ചില്ലെന്നാണ് റിലീസ് ദിവസത്തെ പ്രേക്ഷക പ്രതികരണം. തിരക്കഥ മോശമായെന്നാണ് ആദ്യ ഷോയ്ക്കു ശേഷം മിക്ക പ്രേക്ഷകരും പ്രതികരിച്ചത്. എങ്ങനെയെങ്കിലും രണ്ടാം ഭാഗം എടുക്കണമെന്ന വാശിയില്‍ തട്ടിക്കൂട്ടിയ തിരക്കഥയെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. 'ശങ്കറില്‍ നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല. തിരക്കഥ പൂര്‍ണമായും കാലഹരണപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്തിരുന്നെങ്കില്‍ ചിലപ്പോള്‍ ഹിറ്റായേനെ' കാര്‍ത്തിക് എന്ന പ്രേക്ഷകന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.