സിജോ മാത്യു കാവനാല്‍|
Last Modified വ്യാഴം, 7 നവംബര്‍ 2019 (15:39 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരു ദിവസം മമ്മൂട്ടിയെ കാണാന്‍ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ അവിടെ മമ്മൂട്ടി ജിമ്മില്‍ കടുത്ത വ്യായാമമുറകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പതിവില്‍ കൂടുതല്‍ മമ്മൂട്ടി വര്‍ക്കൌട്ട് ചെയ്യുന്നത് കണ്ട് സത്യന്‍ അന്തിക്കാട് കാര്യം അന്വേഷിച്ചു.
“റഹ്‌മാനോടൊക്കെ പിടിച്ചുനില്‍ക്കണ്ടേ” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. കൂടെവിടെ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റഹ്‌മാന്‍ ചുരുങ്ങിയ കാലം കൊണ്ട് യുവജനതയുടെ ഹരമായി മാറിയ സമയമായിരുന്നു അത്. റഹ്‌മാനോട് മത്സരിച്ച് തന്‍റെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള പരിശ്രമം നടത്തുകയായിരുന്നു മമ്മൂട്ടി. ആ പരിശ്രമത്തിന് ഫലമുണ്ടായി. തന്‍റെ ഒന്നാം സ്ഥാനം നിലനിര്‍ത്തി എന്നുമാത്രമല്ല, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും മമ്മൂട്ടി ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്!
അന്നത്തെ യുവതാരം റഹ്‌മാന് ഇപ്പോള്‍ 52 വയസായി. റഹ്‌മാന്‍റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയെപ്പോലെ ശരീരഭംഗി കാത്തുസൂക്ഷിക്കാന്‍ ജിമ്മില്‍ മണിക്കൂറുകളോളം ചെലവിടുകയാണ് റഹ്‌മാന്‍ ഇപ്പോള്‍. താന്‍ വര്‍ക്കൌട്ട് ചെയ്യുന്നതിന്‍റെ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ട് റഹ്‌മാന്‍ കുറിച്ചത് ഇങ്ങനെയാണ്.
“എന്‍റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് കഴിയുന്നു എങ്കില്‍ എനിക്കും കഴിയും. ലവ് യു ഇച്ചാക്കാ” - ഈ കുറിപ്പും സ്റ്റില്ലുകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
മമ്മൂട്ടി ഇന്നും മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ ആണ്. എന്നാല്‍ റഹ്‌മാന്‍ തമിഴിലാണ് കൂടുതല്‍ ആക്‍ടീവ് ആയിരിക്കുന്നത്. തുപ്പറിവാളന്‍ 2 ആണ് റഹ്‌മാന്‍റെ പുതിയ തമിഴ് സിനിമ.
കൂടെവിടെ, കാണാമറയത്ത്, വാര്‍ത്ത, രാജമാണിക്യം, ബ്ലാക്ക് തുടങ്ങിയവയാണ് മമ്മൂട്ടിയും റഹ്‌മാനും ഒരുമിച്ച പ്രധാന സിനിമകള്‍.