റിലീസാകുന്നതിന്‍റെ തലേദിവസം വരെ ആ‍ മമ്മൂട്ടിച്ചിത്രം ബമ്പര്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ...!

മമ്മൂട്ടി, രഞ്‌ജിത്, ജോഷി, നസ്രാണി, Mammootty, Renjith, Joshiy, Nasrani
അദ്വിക് മുരളി| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2019 (19:16 IST)
മമ്മൂട്ടിയും ജോഷിയും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? ഒന്നാമത്തെ കാര്യം അത് ആത്യന്തികമായി ഒരു കുടുംബ ചിത്രം ആയിരിക്കണം എന്നതാണ്. കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ വൈഷമ്യം തോന്നുന്ന ഒന്നും അതില്‍ ഉണ്ടാവരുത്. രണ്ടാമത്തെ കാര്യം, ഒന്നാന്തരം ആക്ഷന്‍ രംഗങ്ങളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും അതില്‍ ഉണ്ടായിരിക്കണം. മികച്ച സംഭാഷണങ്ങളാല്‍ സമ്പന്നമായിരിക്കണം ആ സിനിമം ഒന്നാന്തരം ക്ലൈമാക്സ്, റിച്ച് വിഷ്വല്‍‌സ് എന്നിവയെല്ലാം മസ്റ്റാണ്. മമ്മൂട്ടിയുടെ കഥാപാത്രം സിനിമയില്‍ നിറഞ്ഞുനില്‍ക്കണം എന്നതിലും രണ്ടഭിപ്രായമില്ല.

എന്നാല്‍, 2007 ഒക്‍ടോബര്‍ 12ന് റിലീസായ ‘നസ്രാണി’ എന്ന ചിത്രം ഈ കണക്കുകൂട്ടലില്‍ ചിലത് പിഴച്ചതോടെ അര്‍ഹിക്കുന്ന വിജയം നേടാനാവാതെ പോയ ഒരു സിനിമയാണ്. ‘നസ്രാണി’ എന്ന ടൈറ്റില്‍ വളരെ പവര്‍ഫുള്‍ ആയിരുന്നു. മമ്മൂട്ടി - ജോഷി കോമ്പിനേഷനില്‍ നസ്രാണി എന്ന ടൈറ്റിലില്‍ ഒരു പടം വരുമ്പോള്‍ ആരാധകര്‍ വളരെയേറേ പ്രതീക്ഷിക്കും. തിരക്കഥ എഴുതുന്നത് രഞ്‌ജിത് കൂടിയാകുമ്പോള്‍ പ്രതീക്ഷ ഇരട്ടിയാകും. നരസിംഹത്തിന്‍റെയും വല്യേട്ടന്‍റെയും ആറാം തമ്പുരാന്‍റെയും ദേവാസുരത്തിന്‍റെയുമൊക്കെ തിരക്കഥാകൃത്ത് ജോഷിയുമായി ചേരുമ്പോള്‍ തിയേറ്ററില്‍ സ്ഫോടനസമാനമായ ഒരു സിനിമയായിരിക്കും പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നസ്രാണിക്ക് കഴിഞ്ഞില്ല.

മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയവും അതിനെ ചുറ്റിപ്പറ്റി ഒരു കുടുംബകഥയും അതിന്‍റെ ഇമോഷന്‍സും മാത്രമാണ് നസ്രാണി മുന്നോട്ടുവച്ചത്. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് സിനിമ നിരാശ നല്‍കി. നസ്രാണി റിലീസാകുന്നതിന്‍റെ തലേദിവസം വരെ പടം ബമ്പര്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി രഞ്‌ജിത് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിചാരിച്ച രീതിയിലൊരു വിജയം നേടാന്‍ നസ്രാണിക്ക് കഴിഞ്ഞില്ല.

നസ്രാണി എന്ന് പേരിട്ടപ്പോള്‍ പ്രേക്ഷക മനസിലേക്ക് സംഘവും കോട്ടയം കുഞ്ഞച്ചനും കടന്നുവരുന്നത് സ്വാഭാവികമാണ്. ആ രീതിയില്‍ പൊട്ടിത്തെറിക്കുന്ന ഒരു സിനിമ ആഗ്രഹിച്ച് തിയേറ്ററിലെത്തിയവരെ നസ്രാണി വേണ്ടത്ര തൃപ്തിപ്പെടുത്തിയില്ല എന്നതാണ് സത്യം.

ഒരു വലിയ ഹിറ്റാകേണ്ടിയിരുന്ന സിനിമ ഒരു സാധാരണ ഹിറ്റില്‍ ഒതുങ്ങിപ്പോയതിന്‍റെ കാരണങ്ങള്‍ ഇതൊക്കെയാണ്. എന്നാല്‍ വളരെ പ്രത്യേകതയുള്ള ചില രംഗങ്ങള്‍ നസ്രാണിയില്‍ ഉണ്ടായിരുന്നു. നടക്കാത്ത വിവാഹത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന കമിതാക്കളായി മമ്മൂട്ടിയുടെ ഡേവിഡ് ജോണ്‍ കൊട്ടാരത്തിലും വിമല രാമന്‍റെ സാറ ഈപ്പനും ഇന്നും പ്രേക്ഷക മനസില്‍ ജീവിക്കുന്നുണ്ട്. ഡേവിഡ് ജോണ്‍ ഹെലികോപ്ടറില്‍ കാമുകിയെ കാണാനെത്തുന്ന സീനൊക്കെ മാസാണ്.

കലാഭവന്‍ മണി അവതരിപ്പിച്ച സുകുമാരന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ഭരത് ഗോപി, ബിജു മേനോന്‍, ക്യാപ്‌ടന്‍ രാജു, ജനാര്‍ദ്ദനന്‍, റിസബാവ, ജഗതി, വിജയരാഘവന്‍, ലാലു അലക്‍സ്, മുക്‍ത തുടങ്ങിയവര്‍ക്കെല്ലാം മികച്ച കഥാപാത്രങ്ങളെയാണ് നസ്രാണിയില്‍ ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :