Fahadh Faasil: നെപ്പോട്ടിക് കിഡില്‍ നിന്ന് മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരത്തിലേക്ക്; അരങ്ങേറ്റം 'പൊളിഞ്ഞപ്പോള്‍' സിനിമ പഠിക്കാന്‍ പോയ ഫഹദ്

ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമാ രംഗത്ത് അരങ്ങേറിയത്

രേണുക വേണു| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (10:27 IST)

Fahadh Faasil: മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍. 1982 ഓഗസ്റ്റ് എട്ടിന് ജനിച്ച ഫഹദ് തന്റെ 42-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തെന്നിന്ത്യയില്‍ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഫഹദ് ഇപ്പോള്‍.

സംവിധായകന്‍ ഫാസിലിന്റെ മൂത്ത മകനാണ് ഫഹദ്. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമാ രംഗത്ത് അരങ്ങേറിയത്. അന്ന് വെറും 20 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. 'നെപ്പോട്ടിക് കിഡ്' എന്ന വിശേഷണത്തോടെ സിനിമയിലെത്തിയ ഫഹദിന് അരങ്ങേറ്റം മികച്ചതാക്കാന്‍ സാധിച്ചില്ല. കൈയെത്തും ദൂരത്ത് തിയറ്ററുകളില്‍ വമ്പന്‍ പരാജയമായി. ഫഹദിന്റെ അഭിനയവും വിമര്‍ശിക്കപ്പെട്ടു. പിതാവ് സംവിധായകന്‍ ആയതുകൊണ്ട് സിനിമയിലെത്തിയതാണ് ഫഹദ് എന്ന് പോലും പ്രേക്ഷകര്‍ പരിഹസിച്ചു. ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം ഫഹദ് അഭിനയത്തില്‍ നിന്ന് നീണ്ട ഇടവേളയെടുത്തു.



കൈയെത്തും ദൂരത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് പിന്നീട് ഫഹദ് സിനിമ ചെയ്യുന്നത്. ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം ഫഹദ് പഠിക്കാന്‍ പോയി. ഇതിനിടയില്‍ സിനിമയെ കുറിച്ചും താരം അറിവുകള്‍ സ്വായത്തമാക്കി. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഫഹദ് എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. 2009 ല്‍ കേരള കഫേയിലെ മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച ഫഹദിന്റെ കരിയറില്‍ നിര്‍ണായകമായത് 2011 ല്‍ റിലീസ് ചെയ്ത ചാപ്പാ കുരിശ് ആണ്. ചാപ്പാ കുരിശിലെ പ്രകടനത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ഫഹദിന് ലഭിച്ചു.

അകം, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേന്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിലെ നടനേയും താരത്തേയും വളര്‍ത്തുന്നതായിരുന്നു. ബാംഗ്ലൂര്‍ ഡേയ്സ്, ഇയ്യോബിന്റെ പുസ്തകം, അയാള്‍ ഞാനല്ല, മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, വരത്തന്‍, കാര്‍ബണ്‍, അതിരന്‍, കുമ്പളങ്ങി നൈറ്റ്സ്, ട്രാന്‍സ്, വേലൈക്കാരന്‍, ജോജി, പുഷ്പ, വിക്രം, മാമന്നന്‍, ആവേശം എന്നിവയാണ് ഫഹദിന്റെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍. നടി നസ്രിയ നസീം ആണ് ജീവിതപങ്കാളി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :