ഫേസ്ബുക്കിനെ തള്ളിപ്പറയാതെ സഹിഷ്ണുതയോടെ വിമര്‍ശനങ്ങളെ നേരിടണം: വിനയന്‍

തിരുവനന്തപുരം| Last Updated: ശനി, 30 ഓഗസ്റ്റ് 2014 (17:09 IST)
ഫേസ്ബുക്കിനെയും അതിലെ വിമര്‍ശനങ്ങളെയും കുറച്ചുകൂടി സഹിഷ്ണുതയോടുകൂടി കാണണമെന്ന് സിനിമ സംവിധായകന്‍ വിനയന്‍.
ഫേസ്ബുക്കിലൂടെ തന്നേയും തന്റെ സിനിമകളെയും അനൗണ്‍സ് ചെയ്താല്‍ തന്നെ
ചെളിവാരിയെറിയുന്ന ഒരു സംഘടിത വിഭാഗം തന്നെയുണ്ട് സമൂഹത്തിന്റെ കണ്ണാടിയായി കാണുന്ന ഫേസ്ബുക്കിനെ തള്ളിപ്പറയാതെ സഹിഷ്ണുതയോടെ വിമര്‍ശനങ്ങളെ നേരിടുന്നതാണ് നല്ലത് വിനയന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ പ്രശസ്ത സംവിധായകനായ രഞ്ചിത്ത്
പണ്ട് പൊതുകക്കൂസുകളിലും ട്രെയിന്‍ ടോയ്ലറ്റിലും മനോരോഗം തീര്‍ത്തിരുന്നവര്‍ ഇന്ന് മനോരോഗം തീര്‍ക്കുന്നത്
ഫേസ്ബുക്കിലാണെന്നും
നികൃഷ്ടമായ ഭാഷയാണ് ആളുകള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കുന്നതെന്നും പറഞ്ഞിരുന്നു. ഇത് ഫേസ്ബുക്കില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ...


പുത്തന്‍ തലമുറയുടെ മുഖമുദ്രയായ ഫേസ്ബുക്കിനെയും അതിലെ കൂട്ടായ്മയുടെ വിമര്‍ശനങ്ങളെയും കുറച്ചുകൂടി സഹിഷ്ണുതയോടുകൂടി കാണണമെന്നാണ് എന്റെ അഭിപ്രായം. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി എന്നും മുറവിളികൂട്ടുന്ന സമൂഹമാണ് നമ്മുടേത്. ഇത്തരം സോഷ്യല്‍ മീഡിയികള്‍ വന്നതോടെ അഭിപ്രായങ്ങള്‍ ഭയം കൂടാതെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ലഭിച്ചു എന്നതാണ് സത്യം. അതിന് ഒരുപാട് നല്ല വശങ്ങളും ചില ദോഷവശങ്ങളും ഉണ്ടാകാം. ഭയം എന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥ. എന്നും എപ്പോഴും ആരെയൊക്കെയൊ ഭയന്നു ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും സത്യസന്ധമായി പ്രതികരിക്കാനാവില്ല, അസത്യജടിലമായി തനിക്കെതിരെ നുണപ്രചരണം നടത്തുന്നവരെ നേരിടാനുമാവില്ല.

വലിയ നേതാക്കളും സെലിബ്രിറ്റികളും പത്രസമ്മേളനം വിളിച്ച് അഭിപ്രായം പറയുന്നതുപോലെ ഓരോ സാധരണക്കാരനും ഭയലേശമന്യെ നടത്തുന്ന "പത്രസമ്മേളനമാണ്" ഫേസ്ബുക്കിലൂടെ സാധ്യമാകുന്നത്. ആ സാധ്യതയെ വളരെ മോശമായി ചിത്രീകരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഫേസ്ബുക്കിലൂടെ എന്നെയും എന്റെ സിനിമകളെയും (സിനിമ ഇറങ്ങണമെന്നില്ല അനൗണ്‍സ് ചെയ്താല്‍ മതി)ഏറ്റവും അധികം ചെളിവാരിയെറിയുന്ന ഒരു സംഘടിത വിഭാഗം തന്നെയുണ്ടെന്ന കാര്യം ഈ മീഡിയകളില്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന ഒന്നാണ്. പ്രത്യേകിച്ച് ഞാനെന്തൊ സൂപ്പര്‍ താരങ്ങള്‍ക്കെതിരാണ് എന്ന് കല്‍പ്പിച്ച് ഉള്ളില്‍ പകയോടെ പെരുമാറുന്ന ഫാന്‍സ് അസ്സോസിയേഷന്‍ സുഹൃത്തുക്കള്‍ ധാരാളമുണ്ട്. വിനയന്‍ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതല്ലാതെ മറ്റാരെയും ദ്രോഹിക്കുന്നില്ല മറിച്ച് വിനയനെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിക്കുന്നുണ്ട് എന്നും മനസ്സിലാക്കിയ ഒരു വലിയ വിഭാഗം എന്നെ പിന്തുണയ്ക്കുന്നുമുണ്ട്. ഇതു രണ്ടും ഒരേ സ്പിരിറ്റോടെയാണ് ഞാന്‍ കാണുന്നത്. ആരുടെയെങ്കിലും ചട്ടുകമായി മനപ്പൂര്‍വ്വം തേജോവധം ചെയ്യാന്‍ ഏതൊ കുബുദ്ധികള്‍ എഴുതുമ്പോള്‍ അതിനോട് പ്രതികരിക്കാനും നമ്മളെ സപ്പോര്‍ട്ട് ചെയ്യാനും ആരും പറയാതെ തന്നെ ആയിരങ്ങള്‍ മുന്നോട്ട് വരുന്ന കാഴ്ചയും ഫേസ്ബുക്കിന്റെ പ്രത്യേകത തന്നെയാണ്.

നമ്മുടെ എല്ലാവരുടെയും മനസ്സ് ഒരുപോലെയല്ലല്ലൊ... ചിലരുടേത് സ്വല്‍പം വികലമായിരിക്കാമ്, ചിലരുടേത് നിഷ്കളങ്കവും , ചിലരുടേത് ആദര്‍ശനിഷ്ടവും ആയിരിക്കാം. ഇതെല്ലാം ചേര്‍ന്നതാണല്ലൊ നമ്മുടെ സമൂഹം - ആ സമൂഹത്തിന്റെ കണ്ണാടിയായി കാണുന്ന ഫേസ്ബുക്കിനെ തള്ളിപ്പറയാതെ സഹിഷ്ണുതയോടെ വിമര്‍ശനങ്ങളെ നേരിടുന്നതാണ് നല്ലതെന്ന് തോന്നുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :