രേണുക വേണു|
Last Modified വെള്ളി, 28 ജൂലൈ 2023 (09:20 IST)
Dulquer Salmaan age: മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് ഇന്ന് ജന്മദിന മധുരം. 1986 ജൂലൈ 28 ന് ജനിച്ച ദുല്‍ഖറിന്റെ 37-ാം ജന്മദിനമാണ് ഇന്ന്. സ്‌റ്റൈലിലും ലുക്കിലും പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് ആരാധകരുടെ മനം കീഴടക്കുകയാണ് അവരുടെ സ്വന്തം കുഞ്ഞിക്ക. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി. ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദുല്‍ഖര്‍ ആരാധകരുടെ മനസ്സുകള്‍ കീഴടക്കി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ഹിറ്റായതോടെ ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നു. പിന്നീട് നിര്‍മാതാക്കള്‍ ദുല്‍ഖറിന്റെ ഡേറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. തീവ്രം, എബിസിഡി, അഞ്ച് സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, വിക്രമാദിത്യന്‍, 100 ഡേയ്സ് ഓഫ് ലൗ, ചാര്‍ളി, ജോമോന്റെ സുവിശേഷങ്ങള്‍, സിഐഎ, പറവ, സോളോ, വരനെ ആവശ്യമുണ്ട്, കുറുപ്പ്, സല്യൂട്ട് എന്നിവയാണ് ദുല്‍ഖറിന്റെ ശ്രദ്ധേയമായ മലയാള സിനിമകള്‍. തമിഴ്, ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ തിളങ്ങി.
ഡിക്യു, കുഞ്ഞിക്ക തുടങ്ങിയവയാണ് ദുല്‍ഖറിന്റെ ചെല്ലപ്പേരുകള്‍. നടന്‍ എന്നതിനപ്പുറം നിര്‍മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മമ്മൂട്ടി-സുല്‍ഫത്ത് ദുമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ദുല്‍ഖര്‍. അമാല്‍ സുഫിയയാണ് ദുല്‍ഖറിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും മറിയം എന്ന പേരില്‍ ഒരു മകളുണ്ട്.