മഞ്ജു വാരിയര്‍ പിന്മാറിയതോടെ മമ്മൂട്ടിയുടെ നായികയായി ദിവ്യ ഉണ്ണി എത്തി; ഒരു മറവത്തൂര്‍ കനവിന് പിന്നിലെ കഥ

യഥാര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചതാണ്

രേണുക വേണു| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (13:02 IST)

രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ' ദ പ്രീസ്റ്റ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചത്. ഇരുവരും സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു. അതേസമയം, കരിയറിന്റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മഞ്ജുവിന് അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

യഥാര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചതാണ്. എന്നാല്‍, മഞ്ജു ആ സിനിമയോട് 'നോ' പറയുകയായിരുന്നു. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത 'ഒരു മറവത്തൂര്‍ കനവ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് അത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത്.

മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച നായികവേഷത്തിലേക്കാണ് ലാല്‍ ജോസ് മഞ്ജുവിനെ പരിഗണിച്ചത്. തിരക്കുകള്‍ കാരണം മഞ്ജു ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ദിവ്യ ഉണ്ണിയിലേക്ക് ഈ കഥാപാത്രമെത്തുന്നത്. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'എന്റെ ആദ്യ സിനിമയായ 'ഒരു മറവത്തൂര്‍ കനവില്‍' നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ ആണ്. ചില കാരണങ്ങളാല്‍ മഞ്ജു പിന്മാറി. എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോള്‍ സ്വീകരിച്ചു.' ലാല്‍ ജോസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :