രേണുക വേണു|
Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:41 IST)
Devara Movie X Review: ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത 'ദേവര' തിയറ്ററുകളില്‍. ആദ്യ രണ്ട് ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. പുലര്‍ച്ചെ ഒന്നിനും നാലിനും ആന്ധ്രയില്‍ ഷോകള്‍ ഉണ്ടായിരുന്നു. സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ ഇരട്ട വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും 'ദേവര'യ്ക്കുണ്ട്.
ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ദേവര തീര്‍ച്ചയായും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരിക്കുമെന്നാണ് ആദ്യ ഷോയ്ക്കു ശേഷമുള്ള ഭൂരിഭാഗം പ്രതികരണങ്ങളും. പശ്ചാത്തല സംഗീതവും വി.എഫ്.എക്‌സും മാത്രമാണ് അല്‍പ്പമെങ്കിലും മോശമായതെന്നും തിരക്കഥയും അവതരണരീതിയും അതിഗംഭീരമെന്നും ചില പ്രേക്ഷകര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
' ആദ്യ പകുതി അതിഗംഭീരം ആയിരുന്നു. രോമാഞ്ചം തോന്നുന്ന സീനുകള്‍ ഒരുപാട് ഉണ്ട്. രണ്ടാം പകുതി കൊള്ളാം. വി.എഫ്.എക്‌സും പശ്ചാത്തല സംഗീതവും നന്നായിരുന്നെങ്കില്‍ പടം വേറെ ലെവലിലേക്ക് എത്തിയേനെ' ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചു. ആക്ഷന്‍, അഭിനയം, തിരക്കഥ തുടങ്ങി എല്ലാ മേഖലകളിലും വളരെ മികവ് പുലര്‍ത്തിയ സിനിമയെന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം. ജൂനിയര്‍ എന്‍ടിആറിന്റെ പ്രകടനം ഒരു പവര്‍ഹൗസ് പോലെയായിരുന്നെന്നും അഭിപ്രായപ്പെടുന്ന പ്രേക്ഷകരുണ്ട്.
അനിരുദ്ധ് രവിചന്ദര്‍ ആണ് ദേവരയുടെ സംഗീതം. അനിരുദ്ധിന്റെ സംഗീതം മികച്ചതാണെന്ന് അഭിപ്രായമുള്ള പ്രേക്ഷകരും ഉണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ആദ്യഭാഗത്തിന്റെ കേരളത്തിലെ വിതരണക്കാര്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്.