കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 നവംബര്‍ 2023 (10:14 IST)
മുഖം ഒട്ടിച്ച് ചേര്‍ക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകള്‍ വലിയതോതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രശ്മിക മന്ദാനയുടെ ഇത്തരത്തില്‍ ഒരു ഫേക്ക് വീഡിയോ പ്രചരിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ രശ്മികയുടേത് മാത്രമല്ല അലിയ ഭട്ട്, കിയാറ അദ്വാനി, ദീപിക പദുക്കോണ്‍ തുടങ്ങിയ ഒട്ടേറെ നടിമാരുടെ മുഖം മാറ്റിയുളള ഡീപ്പ് ഫേക്ക് വീഡിയോകള്‍ സാമൂഹ്യ മാധ്യമമായ എക്‌സില്‍ നിറയുകയാണ്. ഒരു സമൂഹം എന്ന നിലയില്‍ ഇത്തരം സംഭവങ്ങളെ നേരിടണമെന്നാണ് നടി രശ്മികയുടെ പ്രതികരണം.
രശ്മിയുടെ പേരില്‍ പ്രചരിച്ച വീഡിയോയിലെ യഥാര്‍ത്ഥ മുഖം സാറ പട്ടേല്‍ എന്ന ബ്രിട്ടിഷ് ഇന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സറിന്റേതാണ്. ഒക്ടോബര്‍ 9ന് സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഒറിജിനല്‍. ഇതില്‍ സാറയുടെ തലയ്ക്ക് പകരം രശ്മിയുടെ മുഖം ചേര്‍ക്കുകയാണ് ചെയ്തത്. വ്യാജ വീഡിയോ തന്നെ വേദനിപ്പിച്ചെന്നും ഭയപ്പെടുത്തി എന്നും ആണ് നടി രശ്മിക പറഞ്ഞത്. കേന്ദ്ര സൈബര്‍ സുരക്ഷ സംഘത്തെ ടാഗ് ചെയ്തുകൊണ്ടാണ് നടി പ്രതികരിച്ചത്.
ഡീപ്പ് ഫെയ്ക്കുകള്‍ അപകടകരമാണെന്ന് പ്രതികരിച്ച കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും പറഞ്ഞു.