Barroz: ബറോസിനു എന്ത് പറ്റി? റിലീസ് നീളുന്നു; വി.എഫ്.എക്‌സ് കാരണമെന്ന് റിപ്പോര്‍ട്ട്

ഫോറം റീല്‍സ് കേരളയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയ് 23 നാകും ബറോസ് തിയറ്ററുകളിലെത്തുക

രേണുക വേണു| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (10:08 IST)

Barroz: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' തിയറ്ററുകളിലെത്താന്‍ വൈകും. മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മേയ് അവസാനത്തോടെ മാത്രമേ ചിത്രം തിയറ്ററുകളില്‍ എത്തൂ. വി.എഫ്.എക്‌സ് ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് റിലീസ് നീളാന്‍ കാരണമെന്നാണ് വാര്‍ത്തകള്‍. ബറോസിന്റെ റിലീസ് നീട്ടിയതോടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് ഏപ്രില്‍ 10 ല്‍ നിന്ന് മാര്‍ച്ച് 28 ലേക്ക് ആക്കി.

ഫോറം റീല്‍സ് കേരളയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയ് 23 നാകും ബറോസ് തിയറ്ററുകളിലെത്തുക. ആദ്യം ചെയ്ത ചില വി.എഫ്.എക്‌സ് വര്‍ക്കുകളില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ചില വി.എഫ്.എക്‌സ് വര്‍ക്കുകള്‍ വീണ്ടും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസിന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫാന്റസി ഴോണറിലുള്ള ചിത്രം ത്രീ ഡി ഫോര്‍മാറ്റിലായിരിക്കും റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :