അമല്‍ നീരദ് മാത്രമല്ല അന്‍വര്‍ റഷീദും ! മമ്മൂട്ടിക്കായി ക്യൂ നില്‍ക്കുന്ന സംവിധായകര്‍

സൂപ്പര്‍ഹിറ്റ് സംവിധായകരായ അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവരും മമ്മൂട്ടി ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണ്

Turbo, Mammootty, Mammootty in Turbo, Turbo Film Review
Mammootty (Turbo)
രേണുക വേണു| Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (09:49 IST)

വമ്പന്‍ പ്രൊജക്ടുകളില്‍ അഭിനയിക്കാന്‍ തയ്യാറെടുത്ത് മമ്മൂട്ടി. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ'യാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. മേയില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ്. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയുടെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍ മമ്മൂട്ടി. ടര്‍ബോയ്ക്കു ശേഷമായിരിക്കും ബസൂക്കയുടെ റിലീസ്.

കൃഷാന്ത് സംവിധാനം ചെയ്യുന്ന ടൈം ട്രാവലര്‍ ചിത്രത്തിലും മമ്മൂട്ടി ഈ വര്‍ഷം അഭിനയിക്കും. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും മമ്മൂട്ടി നായകനാകും. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുക. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിലും മമ്മൂട്ടി ഈ വര്‍ഷം അഭിനയിച്ചേക്കും.

സൂപ്പര്‍ഹിറ്റ് സംവിധായകരായ അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവരും മമ്മൂട്ടി ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണ്. അമല്‍ നീരദ് ചിത്രം ഈ വര്‍ഷം അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ അത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ അല്ല. ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷം ചെയ്യുമെന്നാണ് വിവരം. അമല്‍ നീരദ് ചിത്രത്തിനു പിന്നാലെ അന്‍വര്‍ റഷീദ് ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. രാജമാണിക്യത്തിനു ശേഷം മമ്മൂട്ടിയും അന്‍വര്‍ റഷീദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :