കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ശ്രീനിവാസന്റെ ആദ്യ ഭാര്യ, നടി ഭാനുപ്രിയയുടെ നാത്തൂന്‍; വിന്ധ്യയെ ഓര്‍മയുണ്ടോ?

മലയാളികള്‍ക്ക് വിന്ധ്യയെ ഏറെ പരിചയമുണ്ടാകും. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികമാരില്‍ ഒരാളായി വിന്ധ്യ അഭിനയിച്ചിട്ടുണ്ട്

രേണുക വേണു| Last Modified ഞായര്‍, 14 ഓഗസ്റ്റ് 2022 (10:53 IST)

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് സംഗമം. ഈ സിനിമയിലെ പാട്ടുകളെല്ലാം ഏറെ ജനപ്രീതി നേടിയവയാണ്. സംഗമത്തിലെ 'മാര്‍ഗഴി തിങ്കളല്ലവാ..' എന്ന് തുടങ്ങുന്ന പാട്ട് ഓര്‍മയില്ലേ? വര്‍ഷമെത്ര കഴിഞ്ഞിട്ടും ഇന്നും മലയാളികളടക്കം പാടി നടക്കുന്ന മനോഹരഗാനം. സംഗമത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ഈ ചിത്രത്തില്‍ കാണുന്ന വിന്ധ്യ. 1980 ഓഗസ്റ്റ് 12 ന് കോയമ്പത്തൂരില്‍ ജനിച്ച വിന്ധ്യയ്ക്ക് ഇപ്പോള്‍ 41 വയസ്സുണ്ട്.



മലയാളികള്‍ക്ക് വിന്ധ്യയെ ഏറെ പരിചയമുണ്ടാകും. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികമാരില്‍ ഒരാളായി വിന്ധ്യ അഭിനയിച്ചിട്ടുണ്ട്. സൂസന്ന എന്നാണ് വിന്ധ്യയുടെ കഥാപാത്രത്തിന്റെ പേര്. അതിനുശേഷം രാവണപ്രഭുവിലും വിന്ധ്യ അഭിനയിച്ചു. രാവണപ്രഭുവില്‍ ഏത് കഥാപാത്രമാണെന്നല്ലേ ആലോചിക്കുന്നത്? ഒരു പാട്ട് രംഗത്തില്‍ മാത്രമാണ് വിന്ധ്യ രാവണപ്രഭുവില്‍ പ്രത്യക്ഷപ്പെടുന്നത്. 'പൊട്ടുകുത്തെടി പുടവചുറ്റെടി ചിക്കാംചിക്കാം ചീതപെണ്ണേ' എന്ന അടിപൊളി പാട്ടിന് ചുവടുവയ്ക്കുന്നത് വിന്ധ്യയാണ്. പ്രിയദര്‍ശന്‍ ചിത്രം കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ശ്രീനിവാസന്റെ മൂന്ന് ഭാര്യമാരില്‍ ആദ്യ ഭാര്യയുടെ റോളിലാണ് വിന്ധ്യ എത്തിയിരിക്കുന്നത്. ഫാത്തിമ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.
നടി ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണനെയാണ് വിന്ധ്യ വിവാഹം കഴിച്ചത്. ഇരു വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. ഭാനുപ്രിയയാണ് അന്ന് വിവാഹത്തിനു മുന്‍കൈ എടുത്തത്. എന്നാല്‍, ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. 2008 ഫെബ്രുവരി 16 നായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്. എന്നാല്‍ നാല് വര്‍ഷത്തിനു ശേഷം ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.

രാഷ്ട്രീയത്തിലും വിന്ധ്യ സജീവമാണ്. 2006 ല്‍ വിന്ധ്യ തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ജയലളിതയുടെ വലിയ ആരാധികയാണ് വിന്ധ്യ. ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു വിന്ധ്യയുടെ പാര്‍ട്ടി പ്രവേശനം. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും അണ്ണാ ഡിഎംകെയുടെ താരപ്രചാരകയായി. 2016 ല്‍ ജയലളിത മരിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന വിന്ധ്യ പിന്നീട് 2019 ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :