അപര്‍ണ|
Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (13:30 IST)
ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകനായ ഹനീഫിനൊപ്പം മമ്മൂട്ടി വീണ്ടും വരുന്നുവെന്ന വാര്‍ത്ത ആഘോഷത്തോടെയാണ് ഏവരും ഏറ്റെടുത്തത്.
കഴിഞ്ഞ തവണ സംവിധായകന്റെ കുപ്പായം ആയിരുന്നെങ്കില്‍ ഇത്തവണ തിരക്കഥാക്രത്തായിട്ടാണ്. ഒരു മമ്മൂട്ടി ചിത്രമോ ഹനീഫ് അദേനി ചിത്രമോ മാത്രമല്ല ‘അബ്രഹാമിന്റെ സന്തതികള്‍’. ചിത്രത്തിന്റെ പ്രതീക്ഷ സംവിധായകന്‍ ഷാജി പാടൂര്‍ ആണ്.
22 വര്‍ഷത്തെ കാത്തിരിപ്പിനും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഷാജി ഒരു സിനിമ സംവിധാനം ചെയ്യാമെന്ന് ഉറപ്പിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വില കൂടിയ അസോസിയേറ്റ് ഡയറക്ടര്‍ ആണ് ഷാജി. സംവിധായകര്‍ക്കും നടന്മാര്‍ക്കും ഏറെ ബഹുമാനമുള്ള ഒരാള്‍. ‘ഷാജിയില്ലാതെ ഇനി ഞാനെങ്ങനെ സിനിമയെടുക്കും എന്നാണ് എന്റെ പേടി‘ എന്ന് വൈശാഖ് അബ്രഹാമിന്റെ ലോഞ്ചിൽ പറഞ്ഞത് ഏവരും ശ്രദ്ധിച്ചതുമായിരുന്നു.
സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ കിടക്കവേയാണ് അദ്ദേഹം മലയാള സിനിമയ്ക്കായി പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്നേ രൗദ്രത്തിന്റെ സെറ്റിൽ വച്ച് മമ്മൂട്ടി ഷാജിയോട് ഒരു സിനിമ ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘അതെപ്പോള്‍ ആയാലും ഡെറ്റ് ഞാന്‍ നല്‍കിയിരിക്കും’ എന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്.
അന്ന് തൊട്ട് ഷാജി മമ്മൂട്ടിക്ക് പറ്റിയ, തന്റെ ആദ്യ സിനിമയുടെ കഥ അന്വഷിക്കുകയാണ്. നല്ല കിടിലന്‍ സിനിമയാകണമെന്ന ഒറ്റനിര്‍ബന്ധമേ ഷാജിക്ക് ഉണ്ടായിരുന്നുള്ളു. നൂറുകണക്കിന് തിരക്കഥ കേട്ടു, ഒന്നും ഇഷ്ടമായില്ല.
അവസാനം ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനിൽ വച്ച് സംവിധായകൻ ഹനീഫ് അദേനി താൻ അടുത്ത ചെയ്യാൻ പോവുന്ന സിനിമയുടെ കഥ ഷാജിയോട് സൂചിപ്പിച്ചു. കഥ ഒരുപാട് ഇഷ്ടപ്പെട്ട ഷാജി ‘ഈ കഥ എനിക്ക് തരുമോ? ഞാന്‍ സംവിധാനം ചെയ്തോളാം’ എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. ശരിക്ക് പറഞ്ഞാല്‍ ചോദിച്ച് വാങ്ങിച്ച തിരക്കഥയെന്നൊക്കെ പറയാം.
മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു. മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്.