കുഞ്ഞച്ചനുവേണ്ടി മമ്മൂട്ടി ഇടപെടും, മണി ഉടക്കിയാലും സിനിമ നടക്കും!

BIJU| Last Modified തിങ്കള്‍, 19 മാര്‍ച്ച് 2018 (16:10 IST)
കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ ആഹ്ലാദത്തോടെയാണ് കേട്ടത്. അവര്‍ അത്രയേറെ പ്രതീക്ഷയര്‍പ്പിച്ച ഒരു പ്രൊജക്ടാണ് അത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും നിരാശരാക്കിക്കൊണ്ടുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കോട്ടയം കുഞ്ഞച്ചന്‍റെ നിര്‍മ്മാതാവ് എം മണി തന്നെയാണ് രണ്ടാം ഭാഗത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. തന്‍റെ അനുവാദമില്ലാതെ എങ്ങനെ രണ്ടാം ഭാഗം ചെയ്യുമെന്നാണ് മണിയുടെ ചോദ്യം. അത് ന്യായമായ കാര്യം തന്നെയാണ്. നിര്‍മ്മാതാവിന്‍റെ സമ്മതമില്ലാതെ ചിത്രത്തിന് തുടര്‍ച്ച ചെയ്യാന്‍ കഴിയില്ല. എന്നാല്‍ അനുമതി നേരത്തേ ചോദിച്ചിരുന്നുവെന്നും വാക്കാല്‍ അനുമതി തന്നിരുന്നു എന്നുമാണ് കുഞ്ഞച്ചന്‍ 2ന്‍റെ നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത്. അനുവാദം രേഖാമൂലം വാങ്ങാതിരുന്നതിന്‍റെ പ്രശ്നമാണ് ഇപ്പോള്‍ സംഭവിച്ചതെന്നാണ് മനസിലാകുന്നത്.

യഥാര്‍ത്ഥത്തില്‍ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം ചെയ്യാന്‍ വേണ്ടിയല്ല മിഥുന്‍ മാനുവല്‍ തോമസ് ഈ കഥ തയ്യാറാക്കിയത്. കഥ പൂര്‍ത്തിയായപ്പോള്‍ കഥാപാത്രത്തിന്‍റെ മാനറിസവും സ്വഭാവവുമൊക്കെ കുഞ്ഞച്ചന്‍റേതിന് സമാനമായതിനാല്‍ കോട്ടയം കുഞ്ഞച്ചന്‍ ലൈനില്‍ പിടിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എം മണിയെയും ടി എസ് സുരേഷ്ബാബുവിനെയും ഡെന്നിസ് ജോസഫിനെയും വിജയ് ബാബു സമീപിക്കുകയും ചെയ്തു. മിഥുനാകട്ടെ ഡെന്നിസ് ജോസഫുമായി സംസാരിച്ച് ധാരണയിലെത്തി.

എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നത്തില്‍ നിന്ന് പിന്‍‌മാറാന്‍ എം മണി തയ്യാറായില്ലെങ്കിലും ഈ പ്രൊജക്ട് നടക്കുമെന്നാണ് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. അതില്‍ മമ്മൂട്ടി അഭിനയിക്കുകയും ചെയ്യും. കോട്ടയം കുഞ്ഞച്ചന്‍ എന്ന് ടൈറ്റിലോ കഥാപാത്രത്തിന്‍റെ പേരോ ഉണ്ടാകില്ല എന്നുമാത്രം. കുഞ്ഞച്ചന്‍ സ്റ്റൈലില്‍ മറ്റൊരു മമ്മൂട്ടിക്കഥാപാത്രം കളം നിറഞ്ഞുകളിക്കുകയും ബോക്സോഫീസില്‍ കോടികള്‍ വാരുകയും ചെയ്യും.

എന്നാല്‍, കുഞ്ഞച്ചന്‍ എന്ന് പേര് ഉപയോഗിക്കാന്‍ മമ്മൂട്ടി തന്നെ വിഷയത്തില്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും എം മണിയും അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയുടെ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ചയാളാണ് മണി. മമ്മൂട്ടി ഇടപെട്ടാല്‍ മണി അയയുകയും അനുവാദം നല്‍കുകയും ചെയ്യുമെന്നാണ് മനസിലാക്കുന്നത്.

ആരാധകര്‍ക്ക് ചെറിയ ആശങ്കയുണ്ടെങ്കിലും പ്രഖ്യാപിച്ചതുപോലെ തന്നെ കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗമായിത്തന്നെ ഈ പ്രൊജക്ട് നടക്കുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :