മലയാള സിനിമയുടെ മാനം രക്ഷിച്ച മമ്മൂട്ടി! മെഗാസ്റ്റാറിന്റെ കരിയര്‍ രക്ഷിച്ച ജി കൃഷ്ണമൂര്‍ത്തി!

മമ്മൂട്ടിയെന്ന ഫീനിക്സ് പക്ഷിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്!

aparna| Last Updated: തിങ്കള്‍, 24 ജൂലൈ 2017 (13:30 IST)
ഏതൊരു നടനും അഭിനയത്തില്‍ കയറ്റിറക്കങ്ങള്‍ പതിവാണ്. എന്നാല്‍, പരാജയം കൊണ്ട് ഒരു കൊട്ടാരം തന്നെ പണിതുയര്‍ത്താമെന്ന നിലയില്‍ എത്തിയ നടന്മാര്‍ വിരളമാണ്. തന്റെ കരിയറിലെ ഏറ്റവും മോശം സമയം ഏതാണെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും തിരിച്ചറിഞ്ഞിരുന്നു. ഒരു മുപ്പത് വര്‍ഷം മുന്‍പ്. മമ്മൂട്ടിയുടെ കരിയര്‍ മാറ്റി മറിച്ച ആ അത്ഭുത ഇറങ്ങിയിട്ട് ഇന്നേക്ക് മുപ്പത് വര്‍ഷം!.

മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും പവര്‍ഫുളായ കൊമേഴ്സ്യല്‍ അവതാരം ആരാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം - ജി കൃഷ്ണമൂര്‍ത്തി!. ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്ന ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം. പരാജയങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിൽ നിന്ന് മമ്മൂട്ടി എന്ന നടനെയും താരത്തെയും അമൂല്യമായ താരത്തിളക്കത്തിലേക്ക് ഉയർത്തിയ സിനിമ ആയിരുന്നു ന്യൂഡല്‍ഹി.

ഡെന്നിസ് ജോസഫിൻറെ തിരക്കഥ സംവിധാനം ചെയ്തത് ജോഷി. ഒരു മലയാള സിനിമ 100 ദിവസം ഹൌസ് ഫുൾ ആയി ചെന്നൈയിൽ ഓടി എന്ന ചരിത്രവും ഈ ചിത്രം സൃഷ്ടിച്ചു. മലയാള സിനിമയെന്നാണ് ‘എ’ പടം മാത്രമാണെന്ന തമിഴ്നാട്ടുകാരുടെ ധാരണയെ പൊളിച്ചടുക്കി കയ്യില്‍ കൊടുത്ത സിനിമ. ന്യൂഡല്‍ഹി - ഒരു മമ്മൂട്ടി ചിത്രം.

ജി കെ. അഥവാ ജി കൃഷ്ണമൂര്‍ത്തി. ന്യൂഡല്‍ഹി ഡയറി ചീഫ് എഡിറ്റര്‍. വിശ്വനാഥ് എന്ന പേരില്‍ എപ്പോഴും എക്സ്ക്ലുസീവ് ന്യൂസുകള്‍ വായനക്കാര്‍ക്ക് നല്‍കുന്ന സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍. ഇതിന്‍റെയെല്ലാം മറവില്‍ പകയോടെ മരണങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ക്രിമിനല്‍ മൈന്‍ഡ് ഉള്ള വ്യക്തി. അയാളുടെ കള്ളില്‍ പകയുടെ അഗ്നി എരിയുന്നത് കാണാം. ഉള്ളില്‍ ആളിക്കത്തുന്ന പ്രതികാരം വീട്ടാന്‍ ഒരു കാര്‍ട്ടൂണിസ്റ്റ് ക്രൂരനായി മാറി കൊലപാതക പരമ്പരകള്‍ സൃഷ്ടിയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പൊട്ടിപ്പൊളിഞ്ഞ് നിന്ന മമ്മൂട്ടിയെന്ന നടനെ വെച്ച് സിനിമ ചെയ്യാന്‍ ഒരു നിര്‍മ്മാതാവും തയ്യാറായില്ല. ഒടുവില്‍, നിര്‍മ്മാതാവ് ജൂബിലി ജോയി റിസ്കെടുത്തു. ജി കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രമായി മമ്മൂട്ടിയെ തന്നെ അഭിനയിപ്പിച്ച് 17 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 29 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ മൊത്തം നിര്‍മ്മാണച്ചെലവ്.
പിന്നീട് നടന്നത് ചരിത്രം.

ന്യൂ ഡെല്‍ഹി മലയാളക്കരയിലും തമിഴ്നാട്ടിലും കൊടുങ്കാറ്റായി മാറുകയായിരുന്നു. ‘ജികെ’ തരംഗമായി. സ്വന്തമായി സ്റ്റണ്ട് രംഗങ്ങളില്ലാത്ത, ഒരു കാലിനും ഒരു കൈയ്ക്കും സ്വാധീനമില്ലാത്ത നായകന്‍റെ ഹീറോയിസം മലയാള പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തു.

അത്തവണത്തെ ദേശീയ അവാര്‍ഡിന് അവസാന റൌണ്ടില്‍ കമലഹാസന്‍ ‘നായകന്‍’ എന്ന ചിത്രവുമായി മുന്നേറിയപ്പോള്‍ എതിര്‍ക്കാനുണ്ടായിരുന്നത് മമ്മൂട്ടിയുടെ ന്യൂ ഡെല്‍‌ഹിയായിരുന്നു. കമല്‍ മികച്ച നടനായി മാറിയെങ്കിലും ദേശീയ തലത്തില്‍ മമ്മൂട്ടിയുടെ ‘ജി കെ’ എന്ന കഥാപാത്രം പ്രകീര്‍ത്തിക്കപ്പെട്ടു.

എന്തായാലും ന്യൂ ഡെല്‍ഹിയിലെ ‘ജി കെ’ ആയി മമ്മൂട്ടി വീണ്ടും വരുമോ? സുരേഷ് ഗോപിയുടെ ആഗ്രഹം സഫലമാകുമോ? കാത്തിരിക്കാം. ഈ പ്രൊജക്ട് നടന്നാല്‍ വീണ്ടും ആ ചീഫ് എഡിറ്ററുടെ വില്ലത്തരങ്ങളെ പ്രേക്ഷകര്‍ ആവേശപൂര്‍വം സ്വീകരിക്കുമെന്ന് ഉറപ്പ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :