എല്ലാ വിവാദങ്ങളും വെറുതെയായി. ഓഗസ്റ്റ് 23ന് ശ്വേതാമേനോന്‍റെ പ്രസവരംഗമില്ലാതെ ‘കളിമണ്ണ്’ എന്ന ബ്ലെസിച്ചിത്രം പുറത്തിറങ്ങും. ഒരു സീനും കട്ട് ചെയ്യാതെ ‘യു/എ’ സര്‍ട്ടിഫിക്കേറ്റോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് മലയാളം വെബ്‌ദുനിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലഭിക്കുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച്, വെട്ടിമാറ്റാന്‍ സാധ്യതയുള്ള ഒരു രംഗവും കളിമണ്ണില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ശ്വേതയുടെ പ്രസവരംഗം ഇല്ലേയില്ല!
കളിമണ്ണിനായി ബ്ലെസി ചിത്രീകരിച്ച ശ്വേതയുടെ പ്രസവരംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നില്ല. പ്രസവ സമയത്ത് ശ്വേത അനുഭവിച്ച വേദനയുടെ ദൃശ്യങ്ങള്‍, ശ്വേതയുടെ മുഖത്തെ ഭാവ വ്യതിയാനങ്ങളും കരച്ചിലും മാത്രമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. പ്രസവരംഗത്തോടെ സിനിമ പുറത്തിറങ്ങിയാല്‍ ഉണ്ടാകാവുന്ന വലിയ പ്രക്ഷോഭങ്ങള്‍ മുന്നില്‍ക്കണ്ടാണ് ആ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത് എന്നറിയുന്നു.
ശ്വേതാ മേനോന്‍റെ പ്രസവരംഗവുമായി ചിത്രം പ്രദര്‍ശനത്തിനെത്താന്‍ അനുവദിക്കില്ലെന്ന് കേരളത്തിലെ പല സംഘടനകളും വ്യക്തമാക്കിയിരുന്നു. കേരളത്തിലെ തിയേറ്ററുകളെ ലേബര്‍ റൂമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ചാണ് പ്രമുഖരില്‍ പലരും രംഗത്തുള്ളത്. കളിമണ്ണ് സിനിമയ്ക്കെതിരെ രംഗത്തുള്ളവരില്‍ പ്രമുഖന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ്. ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരും കളിമണ്ണിനെതിരെ രംഗത്തെത്തിയിരുന്നു.
ഓഗസ്റ്റ് ആദ്യവാരം കളിമണ്ണ് പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓഗസ്റ്റ് ഒമ്പതിനും 15നുമൊക്കെ ഒട്ടേറെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ തിയേറ്ററുകളുടെ ലഭ്യത കണക്കാക്കിയാണ് ഓഗസ്റ്റ് 23ലേക്ക് കളിമണ്ണിന്‍റെ റിലീസ് നീട്ടിയത്.