Last Updated:
ബുധന്‍, 4 ഫെബ്രുവരി 2015 (14:17 IST)
'ബെസ്റ്റ് ആക്ടര്‍' എന്ന മലയാളചിത്രം ഓര്‍മ്മയില്ലേ? സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ചുനടക്കുന്ന മോഹന്‍ എന്ന അധ്യാപകനായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച സിനിമ. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ കഥ ബോളിവുഡില്‍ ആവര്‍ത്തിച്ചു.
സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി അധോലോകത്തിന്റെയും മാഫിയയുടെയും ഗുണ്ടകളുടെയുമൊക്കെ ശൈലികളും ജീവിതവും മനസിലാക്കാനായി മോഹന്‍ നടത്തുന്ന ശ്രമങ്ങളാണ് ബെസ്റ്റ് ആക്ടര്‍ പറഞ്ഞത്. അത് അയാളുടെ ജീവിതത്തെ പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് നയിച്ചു. എന്തായാലും
ബോളിവുഡ് സൂപ്പര്‍താരം അര്ജുന് രാംപാല്‍ ഇപ്പോള്‍ അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്.
അധോലോകനായകന്‍ അരുണ്‍ ഗാവ്ലിയുടെ ജീവിതകഥ പറയുന്ന 'ഡാഡി' എന്ന സിനിമയിലെ നായകനാണ് അര്ജുന് രാംപാല്‍. അഭിനയത്തിന് സ്വാഭാവികത ലഭിക്കാനായി അരുണ്‍ ഗാവ്ലിയെ നേരില്‍ കണ്ടതാണ് ഇപ്പോള്‍ അര്‍ജുനെ പുലിവാലുപിടിപ്പിച്ചിരിക്കുന്നത്.
അധോലോകരാജാവും രാഷ്ട്രീയക്കാരനുമായ അരുണ്‍ ഗാവ്ലിയെ
ജെ ജെ ആശുപത്രിയിലെത്തിയാണ് അര്ജുന് കണ്ടത്. ഗാവ്ലിയുടെ മാനറിസങ്ങള്‍ മനസിലാക്കുന്നതിനായിരുന്നു ഇതെന്നാണ് സൂചന. എന്തായാലും, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അര്ജുന് രാംപാലിന് നോട്ടീസ് അയച്ചിരിക്കുകയാണ് മുംബൈ പൊലീസ്.
കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ കോടതി അനുമതിയില്ലാതെ സന്ദര്‍ശനം നടത്തിയെന്ന കുറ്റമാണ് അര്ജുനെതിരെയുള്ളത്. ഗാവ്ലിയും അര്‍ജുനും തമ്മിലുള്ള ആശയവിനിയമത്തെക്കുറിച്ചും അന്വേഷണം നടക്കുമെന്നാണ് സൂചന. എന്നാല്‍ കോടതിയനുമതി ലംഘിച്ച് താന്‍ ഗാവ്ലിയെ കണ്ടിട്ടില്ലെന്നാണ് അര്ജുന് അറിയിച്ചിരിക്കുന്നത്.