ലാല്‍ നമ്മുടെ അഭിമാനം, വിവാദങ്ങളിലേക്ക് ഇനി വലിച്ചിഴയ്ക്കരുത്: മമ്മൂട്ടി

തൃപ്പുണ്ണിത്തുറ| Joys Joy| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (11:59 IST)
ദേശീയഗെയിംസില്‍ ‘ലാലിസം’ പരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി നടന്‍ മമ്മൂട്ടി. തൃപ്പുണ്ണിത്തുറയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി മോഹന്‍ ലാലിനുള്ള പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചത്.

ലാലിസത്തെക്കുറിച്ച് ഒരുപാട് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ട്. പരിപാടിയുടെ നന്മതിന്മകള്‍ പ്രേക്ഷര്‍ ആണ് തീരുമാനിക്കേണ്ടത്. കലാകാരന്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയും സങ്കേതങ്ങളെ ആശ്രയിച്ചുമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ലാല്‍ എന്ന നടന്‍ നമ്മുടെ അഭിമാനമാണ്. വിവാദങ്ങളിലേക്ക് ഇനി അദ്ദേഹത്തെ വലിച്ചിഴക്കരുത്.

സംഘര്‍ഷങ്ങളില്‍പ്പെടുത്താതെ ശാന്തമായ മനസ്സോടെ ജോലി ചെയ്യാന്‍ അദ്ദേഹത്തെ അനുവദിക്കണം. സുഹൃത്തും സഹപ്രവര്‍ത്തകനും കലാകാരനും എന്ന നിലയില്‍ അദ്ദേഹത്തിനുള്ള ഐക്യദാര്‍ഢ്യവും അനുഭാവവും പ്രഖ്യാപിക്കുന്നു. നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ദേശീയഗെയിംസിന്റെ ശോഭ വിവാദങ്ങള്‍ മൂലം കെടുത്തരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി തയ്യാറായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :