മമ്മൂട്ടിക്കും ലാലിനും തിരക്കാണ്, എനിക്കും സിനിമ ചെയ്യണ്ടേ?

WEBDUNIA|
PRO
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ്ഗോപിയെയും ജയറാമിനെയുമൊക്കെ മാറിമാറി തന്‍റെ സിനിമയില്‍ സഹകരിപ്പിച്ചുകൊണ്ടിരുന്ന സംവിധായകനാണ് കെ മധു. മലയാള സിനിമയിലെ സസ്പെന്‍സ് ത്രില്ലറുകളുടെ രാജാവ്. സീരീസിലൂടെ തലമുറകളുടെ ആരാധനാപാത്രം. ന്യൂ ജനറേഷന്‍ സിനിമകള്‍ തരംഗമായി മാറിയ ഇക്കാലത്ത് കെ മധുവും മാറുകയാണ്.

കെ മധുവിന്റെ പുതിയ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ ആരുമില്ല. അനൂപ് മേനോനാണ് നായകന്‍. പടത്തിന് പേര് ‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’. പൂര്‍ണമായും ഒരു സസ്പെന്‍സ് ത്രില്ലര്‍. എന്തുകൊണ്ടാണ് മധുവിന്‍റെ പുതിയ ചിത്രത്തില്‍ അനൂപ് മേനോന്‍ നായകനായി വരുന്നത്?

“മമ്മൂട്ടിക്കും മോഹന്‍ലാലിനും തിരക്കല്ലേ. അപ്പോള്‍ നമ്മള്‍ എന്തു ചെയ്യും? നമുക്കും സിനിമ ചെയ്യണ്ടേ?. അതുമാത്രമല്ല, അനൂപ് അഭിനയിച്ച പല നല്ല സിനിമകളും കണ്ടപ്പോള്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാമെന്നും തോന്നി” - ചിത്രഭൂ‍മിക്ക് അനുവദിച്ച അഭിമുഖത്തില്‍ കെ മധു പറയുന്നു.

പുതുമുഖങ്ങളാ‍യ സുമേഷ്, അമല്‍ എന്നിവരാണ് ബാങ്കിംഗ് അവേഴ്സിന് തിരക്കഥ രചിക്കുന്നത് - “അവര്‍ ഫോണില്‍ക്കൂടി ഒരു ത്രെഡ് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വര്‍ക്ക് ചെയ്യാവുന്ന കഥയായി തോന്നി. അങ്ങനെ ഞാന്‍ അവര്‍ക്കൊപ്പം ചേര്‍ന്നുള്ള ഡിസ്കഷനിലൂടെ ഒരുക്കിയെടുക്കുകയായിരുന്നു ബാങ്കിംഗ് അവേഴ്സിന്‍റെ തിരക്കഥ. വ്യത്യസ്തമായ ഒരു പ്ലാറ്റ്ഫോമാണെന്ന് തിരിച്ചറിഞ്ഞാണ് ഞാന്‍ ഈ സിനിമയിലേക്ക് ഇറങ്ങിയത്” - കെ മധു വ്യക്തമാക്കി.

കെ മധുവിന്‍റെ സ്ഥിരം എഴുത്തുകാര്‍ എസ് എന്‍ സ്വാമിയും എ കെ സാജനുമാണ്. എന്തുകൊണ്ട് ഈ പ്രൊജക്ടില്‍ അവര്‍ വന്നില്ല?

“എസ് എന്‍ സ്വാമി എനിക്കുവേണ്ടി സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം എഴുതുകയാണ്. എ കെ സാജനും ഒരു കഥ എനിക്ക് ചെയ്യാന്‍ വേണ്ടി പ്ലാന്‍ ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തുക്കളുടെ അഭാവമൊന്നും ഇവിടെയില്ല. നല്ല തിരക്കഥകള്‍ ലഭിക്കുന്നില്ലെന്ന് പലരും പരാതി പറയും. വേറെ പല കാരണങ്ങള്‍ കൊണ്ട് സിനിമയെടുക്കാന്‍ കഴിയാത്തതുകൊണ്ട് അങ്ങനെ പറയുന്നു എന്നേയുള്ളൂ. തിരക്കഥയ്ക്കാണോ ബുദ്ധിമുട്ട്? എത്ര നല്ല തിരക്കഥാകൃത്തുക്കള്‍ മലയാളത്തിലുണ്ട്. അവരെ കോ - ഓര്‍ഡിനേറ്റ് ചെയ്യുകയാണ് പ്രശ്നം” - കെ മധു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :