മോഹന്‍ലാലാണോ മമ്മൂട്ടിയാണോ എന്ന് ഞാന്‍ നോക്കാറില്ല: അമലാ പോള്‍
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
മമ്മൂട്ടിയാണോ മോഹന്‍ലാലാണോ നായകനെന്ന് സിനിമ തെരഞ്ഞെടുക്കുമ്പോള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്ന് നടി അമലാ പോള്‍. കഥയ്ക്കും തിരക്കഥയ്ക്കുമാണ് പ്രാധാന്യമെന്നും അമല പറയുന്നു.
“എന്‍റെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ആരൊക്കെയെന്ന് നോക്കിയല്ല. നായകനെയും നായികയെയുമൊക്കെ തീരുമാനിക്കുക എന്നത് സംവിധായകന്‍റെ ജോലിയാണ്. ഞാന്‍ അവതരിപ്പിക്കേണ്ട കഥാപാത്രത്തേക്കുറിച്ചും തിരക്കഥയെക്കുറിച്ചും മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്” - അമലാ പോള്‍ നയം വ്യക്തമാക്കി.
മോഹന്‍ലാലിന്‍റെ നായികയായി അമലാ പോള്‍ അഭിനയിച്ച ‘റണ്‍ ബേബി റണ്‍’ ഓണത്തിന് പ്രദര്‍ശനത്തിനെത്തും. “മോഹന്‍ലാല്‍ എനിക്ക് ഉപദേശമൊന്നും തന്നില്ല. അദ്ദേഹത്തിന്‍റെ മുന്‍കാല അനുഭവങ്ങള്‍ ഞാനുമായി പങ്കുവച്ചു. മോഹന്‍ലാലുമൊത്ത് അഭിനയിക്കാനായി എന്നത് എനിക്കൊരു ബഹുമതിയാണ്. തന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം അതേപ്പറ്റി കണക്കുകൂട്ടലുകള്‍ ഒന്നും നടത്തുന്നില്ല എന്നത് എന്നെ വിസ്മയിപ്പിച്ചു. ഷൂട്ടിംഗിന്‍റെ ആദ്യദിനം മുതല്‍ മോഹന്‍ലാല്‍ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു” - അമലാ പോള്‍ പറയുന്നു.
ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്ണില്‍ ഒരു ടെലിവിഷന്‍ ചാനലിലെ ന്യൂസ് എഡിറ്ററായ രേണുക എന്ന കഥാപാത്രത്തെയാണ് അമലാ പോള്‍ അവതരിപ്പിക്കുന്നത്. വേണു എന്ന ക്യാമറാമാനായി മോഹന്‍ലാലും എത്തുന്നു.