Last Modified തിങ്കള്‍, 6 ജൂലൈ 2015 (15:40 IST)
മമ്മൂട്ടിയെയും ഐശ്വര്യ റായിയെയും ജോഡിയാക്കി മണിരത്നം തന്റെ അടുത്ത ചിത്രം പ്ലാന്‍ ചെയ്യുന്നു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞയാഴ്ച കോളിവുഡിലെ ഹോട്ട്ന്യൂസ്. എന്നാല്‍ മമ്മൂട്ടി ആരാധകരെ നിരാശരാക്കിക്കൊണ്ട് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു. മണിരത്നത്തിന്റെ പുതിയ സിനിമയില്‍ മമ്മൂട്ടിയില്ല.
തമിഴിലെ യുവസൂപ്പര്‍താരം കാര്‍ത്തിയെ നായകനാക്കിയാണ് മണിരത്നം പുതിയ സിനിമയൊരുക്കുന്നത്. ഇതിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. ഒകെ കണ്മണി പൂര്‍ണമായും ഒരു പ്രണയചിത്രമായിരുന്നു എങ്കില്‍ കാര്‍ത്തിയെ നായകനാക്കി ചെയ്യുന്നത് ഒരു ആക്ഷന്‍ ഡ്രാമയാണെന്നാണ് സൂചന.
കാര്‍ത്തിയും മണിരത്നവും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ചിത്രത്തിന്റെ കഥ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. രസകരമായ വസ്തുത, അഭിനയജീവിതം തുടങ്ങുന്നതിനുമുമ്പ് കാര്‍ത്തി മണിരത്നത്തിന്റെ സംവിധാന സഹായി ആയിരുന്നു എന്നതാണ്. മണിരത്നത്തിന്റെ ആയുധ എഴുത്തില്‍ കാര്‍ത്തി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. അതിനുശേഷമാണ് പരുത്തിവീരനിലൂടെ കാര്‍ത്തി നായകനായി മാറുന്നത്.