പ്രേമത്തിന്‍റെ നിര്‍മ്മാതാവ് ഹാപ്പിയല്ല!

പ്രേമം, അന്‍‌വര്‍ റഷീദ്, അല്‍ഫോണ്‍സ് പുത്രന്‍, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ബുധന്‍, 1 ജൂലൈ 2015 (16:17 IST)
താന്‍ നിര്‍മ്മിച്ച സിനിമയുടെ കളക്ഷന്‍ 35 കോടി രൂപ കടന്നെങ്കിലും ‘പ്രേമ’ത്തിന്‍റെ നിര്‍മ്മാതാവ് അന്‍‌വര്‍ റഷീദ് ഹാപ്പിയല്ല. സിനിമയുടെ പെര്‍ഫോമന്‍സല്ല അന്‍‌വറിനെ പ്രശ്നത്തിലാക്കിയത്. സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിച്ചതാണ് നിര്‍മ്മാതാവിനെ ആശാങ്കാകുലനാക്കിയത്. ഇത് തടയാന്‍ ആന്‍റിപൈറസി സെല്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. അന്‍‌വര്‍ അംഗമായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഫെഫ്കയോ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനോ ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതില്‍ പ്രതിഷേധിച്ച് താന്‍ അംഗമായ എല്ലാ സംഘടനകളില്‍ നിന്നും രാജിവയ്ക്കാനൊരുങ്ങുകയാണ് അന്‍‌വര്‍ റഷീദ്.

“ചലച്ചിത്രസംഘടനകളെ കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പ്രയോജനവുമില്ല. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ പുതിയൊരു തീരുമാനമെടുക്കുകയാണ്. നിലവില്‍ ഞാന്‍ അംഗമായ എല്ലാ സംഘടനകളില്‍ നിന്നും രാജി വയ്ക്കുകയാണ്. സംവിധായകന്‍ എന്ന നിലയില്‍ ഫെഫ്കയിലെ അംഗമാണ് ഞാന്‍. നിര്‍മ്മാതാവ് എന്ന നിലയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലും അംഗമാണ് ഞാന്‍. ഈ പറഞ്ഞ ഒരു സംഘടനകളിലൊന്നും ഇനി പ്രവര്‍ത്തിക്കാനില്ല. ഇവരുടെ ആരുടെയും അംഗത്വമില്ലാതെ സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമാണ് ഇനി പ്ളാന്‍” - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ അന്‍‌വര്‍ റഷീദ് തുറന്നടിക്കുന്നു.

“ഈ സംഘടനകളൊന്നും മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും യാതൊരു പ്രയോജനവും ചെയ്യുന്നില്ല. പൈറസി പോലുള്ള അതീവഗുരുതരമായ വിഷയങ്ങളില്‍ പോലും മൗനം പാലിക്കുകയാണ് ഈ പറഞ്ഞ സംഘടനകള്‍. രണ്ടാഴ്ച മുമ്പ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫെഫ്കയെയും ഞാന്‍ പൈറസി കാര്യത്തില്‍ സമീപിച്ചതാണ്. ഇക്കാര്യത്തില്‍ നിലപാട് എടുക്കാനോ എന്തെങ്കിലും ചെയ്യാനോ സാധിക്കുന്നില്ല” - അന്‍‌വര്‍ റഷീദ് വ്യക്തമാക്കുന്നു.

പ്രേമത്തിനുമുമ്പ് അന്‍‌വര്‍ റഷീദ് നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്സും കോടികള്‍ കളക്ഷന്‍ നേടിയ മെഗാഹിറ്റ് ചിത്രമാണ്. രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍‌തമ്പി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അന്‍‌വര്‍ റഷീദ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :