‘തല’ അജിത് വീണ്ടും എത്തുന്നു. ഇത്തവണവും പ്രതീക്ഷകള്‍ ഏറെയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നു. ജൂണ്‍ മാസത്തില്‍ ബില്ല 2 റിലീസാകും. ഭൂമി കുലുക്കുന്ന ഹിറ്റായി ചിത്രം മാറുമെന്നാണ് കോടമ്പാക്കം പണ്ഡിതര്‍ പ്രവചിക്കുന്നത്.
മെഗാഹിറ്റായ മങ്കാത്തയ്ക്ക് ശേഷം റിലീസാകുന്ന അജിത് ചിത്രം എന്ന പ്രത്യേകത തന്നെയാണ് ‘ബില്ല 2’നെ വെരി വെരി സ്പെഷ്യല്‍ ആക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്നാട് വിതരണാവകാശം വിറ്റുപോയത് 24.11 കോടി രൂപയ്ക്ക്. ഒരു അജിത് ചിത്രത്തിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ തുക. ആസ്കാര്‍ ഫിലിംസാണ് ചിത്രം വാങ്ങിയിരിക്കുന്നത്.
“തമിഴ്നാട്ടിലെ തിയേറ്റര്‍ അവകാശം ഞങ്ങള്‍ ആസ്കാര്‍ രവിചന്ദ്രന് വിറ്റു. കേരളത്തിലേതൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലെയും വിതരണാവകാശം വിറ്റുകഴിഞ്ഞു. ബില്ല 2ന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ മേയ് മാസത്തില്‍ ആരംഭിക്കും” - ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സുനിര്‍ ഖേതര്‍പാല്‍ വ്യക്തമാക്കി.
‘ബില്ല’ എന്ന മെഗാഹിറ്റിന്‍റെ തുടര്‍ച്ചയാണ് ബില്ല 2. ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു അധോലോക രാജാവ് എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നാണ് വ്യക്തമാക്കുന്നത്.
ചിത്രത്തിന്‍റെ ടാഗ് ലൈന്‍ ഇതാണ് - Every Man Has A Past. Every Don, A History!