ഗൌതം വാസുദേവ് മേനോന്‍ കുറേക്കാലം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ‘വാരണം ആയിരം’ കഴിഞ്ഞ് ‘തല’ അജിത്തിനെ നായകനാക്കി ഒരു പടം പ്രഖ്യാപിച്ചു - തുപ്പറിയും ആനന്ദ്. ‘ഡിറ്റക്ടീവ് ആനന്ദ്’ എന്നര്‍ത്ഥം. കുറേക്കാലം അജിത്തിന് വേണ്ടി ഗൌതം മേനോന്‍ കാത്തിരുന്നു. എന്നാല്‍ അജിത് ഡേറ്റ് കൊടുത്തത് വെങ്കട് പ്രഭുവിന് - ‘മങ്കാത്ത’ എന്ന പ്രൊജക്ടിന്.
കോപിഷ്ടനായ ഗൌതം മേനോന്‍ അന്ന് ഉറഞ്ഞുതുള്ളി. ‘സൂര്യയ്ക്ക് വേണ്ടി കാത്തിരിക്കാം. കമല്‍ഹാസനുവേണ്ടി കാത്തിരിക്കാം. ഞാന്‍ എന്തിന് അജിത്തിന് വേണ്ടി കാത്തിരിക്കണം?’ - എന്നാണ് ഗൌതം മാധ്യമങ്ങളുടെ മുന്നില്‍ കോപം പ്രകടിപ്പിച്ചത്. ‘മങ്കാത്ത’ കഴിഞ്ഞതോടെ കഥ മാറി. അജിത് തമിഴകത്ത് എതിരാളികളില്ലാത്ത താരമായി. രജനികാന്ത് കഴിഞ്ഞാല്‍ അജിത് എന്നായി സ്ഥിതി.
ഈ സമയത്ത് ഗൌതം മേനോന്‍ വിണ്ണൈത്താണ്ടി വരുവായായും അതിന്‍റെ ഹിന്ദിയും ചെയ്തു. ‘നീ താനേ എന്‍ പൊന്‍വസന്തം’ എന്ന തമിഴ് പ്രൊജക്ട് പൂര്‍ത്തിയാക്കി. വിജയ്‌യെ നായകനാക്കി ‘യോഹന്‍: അധ്യായം ഒണ്‍ട്ര്’ ചെയ്യുന്നു.
ഇപ്പോള്‍ ഗൌതം മേനോന് ഒരു പൂതി. അജിത്തുമായുള്ള പിണക്കം മാറ്റണം. ആ പഴയ ‘തുപ്പറിയും ആനന്ദ്’ വീണ്ടും പൊടിതട്ടിയെടുക്കണം. ഇക്കാര്യമറിയിച്ച് അജിത് ക്യാമ്പിന് ഗൌതം സന്ദേശം അയച്ചെങ്കിലും തല മൈന്‍ഡ് ചെയ്തില്ലെന്നാണ് കേള്‍ക്കുന്നത്. മനസുമടുത്ത ഗൌതം മേനോന്‍ ഈ പ്രൊജക്ട് സൂര്യയ്ക്ക് നല്‍കിയിരിക്കുകയാണ്.
“ഞാനും ഗൌതമും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കും. പ്രണയവും നല്ല ഗാനങ്ങളും ആക്ഷനുമെല്ലാം. തുപ്പറിയും ആനന്ദ് അതെല്ലാമടങ്ങിയ ചിത്രമായിരിക്കും” - സൂര്യ ഉറപ്പുനല്‍കുന്നു.