'ദൃശ്യം’ തമിഴില്‍ വിക്രം അഭിനയിക്കില്ല? !

WEBDUNIA|
PRO
രാജ്യത്തെ സിനിമാവ്യവസായമാകെ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ഒരു ചെറിയ സിനിമയെക്കുറിച്ചാണ്. മലയാളചിത്രമായ ദൃശ്യത്തെക്കുറിച്ച്. ദൃശ്യം നേടുന്ന അപാര വിജയം തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി ഇന്‍ഡസ്ട്രികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ് ഇതിനകം തന്നെ കോടികള്‍ക്ക് വിറ്റുപോയിട്ടുണ്ട്. തമിഴ് ഹീറോ വിക്രം ദൃശ്യം കണ്ടശേഷം ഈ ചിത്രത്തിന്‍റെ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

ജീത്തു ജോസഫ് തന്നെ സിനിമയുടെ തമിഴ് പതിപ്പ് ഒരുക്കുമെന്നാണ് അറിയുന്നത്. ഷങ്കര്‍ ചിത്രമായ ‘ഐ’ കഴിഞ്ഞലുടന്‍ ദൃശ്യം റീമേക്കിന് വിക്രം തയ്യാറാകുമെന്നായിരുന്നു സൂചന.

എന്നാല്‍ പുതിയ വിവരം അനുസരിച്ച് വിക്രം ദൃശ്യം റീമേക്കിന്‍റെ ഭാഗമായേക്കില്ല. ഐ കഴിഞ്ഞാലുടന്‍ വിക്രം ചെയ്യാന്‍ പോകുന്നത് ധരണി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ്. ‘റാസ്കല്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഐയ്ക്ക് വേണ്ടി വിക്രം ഏറെ ശരീരഭാരം കുറച്ചിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ച ഐ ഷൂട്ടിംഗ് പൂര്‍ത്തിയാകും. അതിന് ശേഷം രണ്ടുമാസത്തോളം വിക്രം വിശ്രമിക്കുമെന്നാണ് സൂചന. തന്‍റെ പഴയലുക്കിലേക്ക് തിരിച്ചെത്താനാണിത്. ധരണിയുടെ ചിത്രത്തില്‍ പുതിയ ലുക്കിലായിരിക്കും വിക്രം പ്രത്യക്ഷപ്പെടുക. ദില്‍, ദൂള്‍ എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ വിക്രമിന് സമ്മാനിച്ചത് ധരണിയാണ്.

കമലഹാസന്‍, അജിത്, വിജയ് തുടങ്ങിയവരെ ദൃശ്യം റീമേക്കിന് വേണ്ടി സമീപിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. കമലും വിജയും ദൃശ്യം കണ്ട് ഇഷ്ടപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :