തമിഴില്‍ വലിയ നീക്കത്തിന് മോഹന്‍ലാല്‍, ഡേറ്റുകള്‍ വാരിക്കോരി നല്‍കുന്നു!

WEBDUNIA|
PRO
തമിഴകത്തിന് എന്നും പ്രിയങ്കരനാണ് മോഹന്‍ലാല്‍. മണിരത്നം ഉള്‍പ്പടെയുള്ള തമിഴ് സംവിധായകര്‍ മോഹന്‍ലാലിന്‍റെ കടുത്ത ആരാധകരുമാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഈ താരരാജാവ് ഇനി തമിഴിന് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങുന്നു.

അതിന്‍റെ ഭാഗമായാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആലോചന. ‘ജില്ല’ എന്ന ആ പ്രൊജക്ട് മേയ് മാസത്തില്‍ ചിത്രീകരണം തുടങ്ങുകയാണ്. തന്‍റെ ഇമേജിനും താരമൂല്യത്തിനും അനുസരിച്ചുള്ള അതിഗംഭീരമായ കഥാപാത്രമായാണ് മോഹന്‍ലാല്‍ ജില്ലയില്‍ വരുന്നത്. വിജയിന്‍റെ വേഷത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന കഥാപാത്രം.

പൂര്‍ണമായും ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറായ ‘ജില്ല’യുടെ സംവിധായകന്‍ നേശനാണ്. നിര്‍മ്മാണം ആര്‍ ബി ചൌധരി. മേയ് രണ്ടിന് ആദ്യ ചെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും. 20 ദിവസത്തെ ഡേറ്റാണ് ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ ഓഗസ്റ്റിലാണ്. സാധാരണയായി ഇത്രയധികം ഡേറ്റുകള്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ നല്‍കാറില്ല.

2003ല്‍ മോഹന്‍ലാലിനെ നായകനാക്കി ‘പോപ്കോണ്‍’ എന്നൊരു തമിഴ് ചിത്രം നാസര്‍ സംവിധാനം ചെയ്തിരുന്നു. അത് വലിയ പരാജയമായി. അതിന് ശേഷം 2009ല്‍ ഉന്നൈപ്പോള്‍ ഒരുവന്‍ എന്ന സിനിമയില്‍ കമലഹാസനൊപ്പം മോഹന്‍ലാല്‍ വന്‍ തിരിച്ചുവരവ് നടത്തി.

‘ജില്ല’ തമിഴകത്തും മലയാളത്തിലും വന്‍ വിജയം നേടുമെന്നാണ് സിനിമാലോകത്തെ പ്രതീക്ഷകള്‍. ബിഗ് ബജറ്റിലാണ് ആര്‍ ബി ചൌധരി ഈ സിനിമ ഒരുക്കുന്നത്.

അതേസമയം, അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന മലയാളം പ്രൊജക്ടില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ സംശയമാണ്. തമിഴ് സംവിധായകനായ അരുണ്‍ വൈദ്യനാഥന്‍ ഈ സിനിമ മലയാളത്തിലാണ് എടുക്കുന്നത് എന്ന് പ്രഖ്യാപിച്ചത് മോഹന്‍ലാലിനെ ക്ഷുഭിതനാക്കിയിരുന്നു. അരുണ്‍ ഈ സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്യുമെന്ന് ഉറപ്പാണ്. അങ്ങനെ ഒരു ഡബ്ബിംഗ് ചിത്രത്തിലൂടെ തമിഴില്‍ റീ എന്‍‌ട്രി നടത്താല്‍ മോഹന്‍ലാലിന് ഉദ്ദേശമില്ല. അതുകൊണ്ടുതന്നെയാണ് പെരുച്ചാഴിക്ക് റെഡ് സിഗ്നല്‍ നല്‍കി മോഹന്‍ലാല്‍ ‘ജില്ല’ ആരംഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :