ഗൌതം മേനോന്‍ ചിത്രത്തില്‍ മഞ്ജിമ, നായകന്‍ ചിമ്പു !

ഗൌതം വാസുദേവ് മേനോന്‍, ചിമ്പു, മഞ്ജിമ, സമാന്ത, ദിലീപ്
എല്‍ എസ് ഡി| Last Updated: ബുധന്‍, 13 മെയ് 2015 (14:33 IST)
കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായാ, യെന്നൈ അറിന്താല്‍, വേട്ടൈയാട് വിളൈയാട് തുടങ്ങി ഏത് ഗൌതം വാസുദേവ് മേനോന്‍ ചിത്രം എടുത്താലും അതെല്ലാം പൂര്‍ണമായും നായകപ്രാധാന്യമുള്ളവയാണ്. എന്നാല്‍ ആ സിനിമകളിലൊന്നും നായികയെ നായകന്‍റെ നിഴല്‍ മാത്രമാക്കിയിട്ടില്ല. നായകനേക്കാള്‍ പ്രാധാന്യമുള്ള നായികാ കഥാപാത്രങ്ങളെയും ഗൌതം സൃഷ്ടിച്ചിട്ടുണ്ട്.

പറഞ്ഞുവന്നത്, നമ്മുടെ സ്വന്തം മോഹന് കൈവന്ന ഭാഗ്യത്തേക്കുറിച്ച് ഓര്‍ത്തപ്പോഴാണ്. ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജിമയാണ് നായിക. നായകനോ? സാക്ഷാല്‍ ചിമ്പു എന്ന ചിലമ്പരശന്‍ (അഥവാ എസ് ടി ആര്‍ !). ‘അച്ചം എന്‍‌പത് മടമൈയഡാ’ എന്നാണ് സിനിമയുടെ പേര്. പൂര്‍ണമായും ഒരു ലവ് സ്റ്റോറിയാണ് ഈ ചിത്രം പറയുന്നത്.

വിണ്ണൈത്താണ്ടി വരുവായായ്ക്ക് ശേഷം ഗൌതം മേനോനും ചിമ്പുവും ഒരുമിക്കുന്ന പ്രൊജക്ട് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഈ സിനിമയുടെ തെലുങ്ക് പതിപ്പും ഗൌതം ചെയ്യുന്നുണ്ട്. നാഗചൈതന്യ നായകനാകുന്ന ആ സിനിമയിലും മഞ്ജിമ തന്നെ നായിക. എ ആര്‍ റഹ്‌മാനാണ് സംഗീതം.

പല്ലവി സുഭാഷ് എന്ന നടിയായിരുന്നു ആദ്യം ഈ പ്രൊജക്ടിലെ നായിക. ചിത്രം ഷൂട്ട് തുടങ്ങുകയും ‘യെന്നൈ അറിന്താല്‍’ എന്ന സിനിമ ചെയ്യാനായി ഗൌതം ഇടയ്ക്ക് വച്ച് ഈ സിനിമ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. യെന്നൈ അറിന്താല്‍ കഴിഞ്ഞ് വീണ്ടും ഷൂട്ട് തുടങ്ങിയപ്പോല്‍ പല്ലവി സുഭാഷിന് മറ്റ് കമ്മിറ്റ്മെന്‍റ്സുകള്‍ കാരണം പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറേണ്ടിവന്നു. ഭാഗ്യം മഞ്ജിമയെ തേടിയെത്തുന്നത് അപ്പോഴാണ്.

പല്ലവി മാറിയ ഒഴിവില്‍ സമാന്തയെ നായികയാക്കാന്‍ ഗൌതം മേനോന്‍ ആലോചിച്ചിരുന്നു. അപ്പോഴാണ് ഗൌതം മേനോന്‍റെ ഒരു സംവിധാന സഹായി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം കാണാനിടയായത്. അങ്ങനെയാണ് ഈ അവസരം മഞ്ജിമയ്ക്ക് ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :