ഓൺലൈൻ മഞ്ഞപ്പത്രങ്ങളാണ് രാമകൃഷ്ണന്റെ കൂടെ ചേർന്ന് തന്നെ ആക്രമിക്കുന്നത്, പലപ്പോളും മണിച്ചേട്ടൻ അനുജനെ അകറ്റി നിർത്തിയിരുന്നു: സാബു

കലാഭവൻ മണിയുടെ മരണവുമായി ഉയര്‍ന്നുവന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല

സജിത്ത്| Last Modified ചൊവ്വ, 31 മെയ് 2016 (17:58 IST)
കലാഭവൻ മണിയുടെ മരണവുമായി ഉയര്‍ന്നുവന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ മരണകാരണം കൂട്ടുകാര്‍ക്കറിയാമെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായദിശയിലല്ലയെന്നും ആരോപിച്ച് മണിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ അപായപ്പെടുത്തിയത് കൂട്ടുകാരാണെന്നാണ് ഇപ്പോളും കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത്. മണി മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നടൻ‌ സാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ സംഭവത്തിൽ ഒരുജീവിതകാലം മുഴുവൻ വിഷമിക്കാവുന്ന രീതിയിലുള്ള കാര്യങ്ങൾ താന്‍ സഹിച്ച് കഴിഞ്ഞു. ഈ വിഷയത്തില്‍ ആരുടെ മുന്നിലും തലകുനിക്കാന്‍ വയ്യ. മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട്
അന്വേഷണസംഘത്തിനു മുന്നില്‍ നാലു മണിക്കൂര്‍ മൊഴികൊടുത്ത വ്യക്തിയാണ് താന്‍. ആ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുപത്തിയാറോളം പേരെ വിളിച്ചുവരുത്തി. മൊഴിയിൽ വൈരുദ്ധ്യമൈല്ലന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് തങ്ങളെ വെറുതെ വിട്ടത്. ഈ രാമകൃഷ്ണനെ ഇതുവരെ താന്‍ നേരിട്ട് കണ്ടിട്ടില്ല. പിന്നെ എന്തു ഉദ്ദേശത്തോടെയാണ് അവന്‍ തനിക്കെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തനിക്കറിയില്ല. സാബു വ്യക്തമാക്കി.

മണിച്ചേട്ടന്റെ മരണ സമയത്ത് പ്രചരിച്ച ചില വാട്ട്സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അന്നും തനിക്കെതിരെ രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. എന്നാൽ അതൊരു സഹോദരന്റെ വേർപാടിലുണ്ടായ വേദന മൂലം പറയുന്ന കാര്യങ്ങളാണെന്നേ താനും ചിന്തിച്ചിരുന്നുള്ളൂ. ആരോടും ഒരു പരാതിയും പറഞ്ഞില്ല. മറ്റെന്തൊക്കെയോ മറയ്ക്കാൻ വേണ്ടിയാണ് വീണ്ടും തന്റെ പേര് രാമകൃഷ്ണൻ വലിച്ചിഴയ്ക്കുന്നത്. പാഡിയിൽ രാമകൃഷ്ണനെ കയറ്റാൻ മണിച്ചേട്ടൻ അനുവദിച്ചിരുന്നില്ല. കൂട്ടുകാർ കുടിപ്പിച്ച് കൊന്നു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എന്തുകൊണ്ട് രാമകൃഷ്ണൻ ഇക്കാര്യത്തിൽ അന്ന് ഇടപെട്ടില്ല. ചേട്ടനെ നോക്കാൻ സാധിക്കാത്തതിന്റെ സങ്കടം ആരുടെയെങ്കിലും തലയിൽ കെട്ടിവക്കാനാണ് അയാൾ ശ്രമിക്കുന്നത്. സാബു പറഞ്ഞു.

മണിച്ചേട്ടന്റെ ജീവനപായപ്പെടുത്തിയതെന്നാണ് താനാണെന്നാണ് ആരോപണം. അതിനു എന്തെങ്കിലും തെളിവുണ്ടെങ്കില്‍ രാമകൃഷ്ണന് അത് ഹാജരാക്കാം. മണിച്ചേട്ടന്‍ മരിച്ചാല്‍ തനിക്കെന്തു ലാഭമാണ് ഉണ്ടാവുകയെന്നുകൂടി രാമകൃഷ്ണന്‍ വ്യക്തമാക്കണം. തനിക്കും ഒരു കുടുംബവും കുഞ്ഞും ഉണ്ട്. ഇതുമായി ബന്ധപ്പെടുത്തി തനിക്കൊ തന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം പറയും. ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങളാണ് രാമകൃഷ്ണനു പിറകില്‍ കളിക്കുന്നത്. പിന്നെ താനും ഒരു പച്ചയായ മനുഷ്യനാണ്. മാനസികമായി തകർക്കുന്ന വാര്‍ത്ത കേട്ടാൽ ഇത്തരത്തിലാണ് താന്‍ പ്രതികരിക്കാറുള്ളത്. പുളിച്ച തെറി തന്നെ പറയും. തന്റെ ആത്മരോഷം കൊണ്ട് പറഞ്ഞുപോയതാണ് അത്. പറഞ്ഞത് തെറ്റാണെന്ന് മനസ്സിലാക്കിയ താന്‍ അത് തിരുത്തുകയും ചെയ്തു.മനോരമ ഓൺലൈനിലൂടെ സാബു പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :