കൊല്ലൂര്‍ രഥോത്സവത്തിന് പതിനായിരങ്ങള്‍!

കൊല്ലൂര്‍| WEBDUNIA|
WD
WD
സൗപര്‍ണികയുടെ തീരത്തെ അക്ഷരജ്യോതിസായ കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി-വിജയദശമി ആഘോഷത്തിന്റെ പ്രധാന ചടങ്ങായ നവരാത്രി രഥോല്‍സവം ബുധനാഴ്ച രാത്രി 8.30-ന് നടക്കും. മഹാനവമി ആഘോഷ ചടങ്ങുകള്‍ക്ക് ബുധനാഴ്ച രാവിലെ 11.30-ന് ക്ഷേത്രത്തിന്‌ അകത്തു നടക്കുന്ന മഹാചണ്ഡികാ യാഗത്തോടെ തുടക്കമാവും. വൈകിട്ട്‌ സന്ധ്യാ ദീപാരാധനയെ തുടര്‍ന്നു ശാരദാപൂജ, ദേവിയുടെ രഥാരോഹണം എന്നിവ നടക്കും. വിജയദശമി നാളില്‍ (വ്യാഴാഴ്ച) കുട്ടികളെ എഴുത്തിനിരുത്തുന്നതിന് പതിനായിരക്കണക്കിന് പേരാണ് ക്ഷേത്ര സന്നിധിയില്‍ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ചത്തെ രഥപൂജയ്ക്കു ശേഷം രാത്രി 8.30-ന്‌ രഥോല്‍സവം നടക്കും. ക്ഷേത്ര മതിനിലകത്തെ രഥവീഥിയില്‍ പുഷ്പാലംകൃതമായ രഥത്തിലേറ്റി ദേവീ വിഗ്രഹം എഴുന്നള്ളിക്കുന്ന ചടങ്ങാണിത്‌. നവാക്ഷരി കലശം കൊണ്ട്‌ ദേവിക്ക്‌ അഭിഷേകവും നടക്കും. രഥോല്‍സവ ചടങ്ങുകള്‍ക്കു മുഖ്യ തന്ത്രി മഞ്ചുനാഥ അഡിഗ, തന്ത്രിമാരായ നരസിംഹ അഡിഗ, ശ്രീധര അഡിഗ, ഗോവിന്ദ അഡിഗ എന്നിവര്‍ നേതൃത്വം നല്‍കും.

രഥം വലിക്കലിനും അത്താഴപൂജയ്ക്കും ശേഷം അടയ്ക്കുന്ന നട വിജയദശമി ദിനമായ നാളെ തുറക്കുന്നതോടെ വിജയാഘോഷം ആരംഭിക്കും. വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാലിനു നട തുറക്കും. ഇതോടെ വാഗ്ദേവതാ സന്നിധിയില്‍ പ്രശസ്‌തമായ സരസ്വതീ മണ്ഡപത്തില്‍ ക്ഷേത്രം പൂജാരിമാരുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്ത്‌ ആരംഭിക്കും. വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം ഉച്ചയ്ക്ക്‌ 12.30നു പുത്തരി നിവേദ്യ സമര്‍പ്പണമായ നവാന്നപ്രാശം നടക്കും. വൈകിട്ട്‌ 5.30നു നടക്കുന്ന വിജയോല്‍സവത്തോടെ കൊല്ലൂരില്‍ ഈ വര്‍ഷത്തെ നവരാത്രി - വിജയദശമി ആഘോഷങ്ങള്‍ക്കു സമാപനമാവും.

നവരാത്രി-വിജയദശമി ഉല്‍സവത്തിനെത്തുന്ന ഭക്‌തര്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാനായി അധികൃതര്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്‌. അമിത വാടക ഈടാക്കുന്നതു തടയാനായി ലോഡ്ജുകളിലും മറ്റും അധികൃതര്‍ റെയ്ഡ്‌ നടത്തി. പഴകിയ ഭക്ഷണ സാധനങ്ങളുടെ വില്‍‌പന തടയുന്നതിനും അമിതവില ഈടാക്കുന്നതു തടയാനുമായി ഹോട്ടലുകളിലും അധികൃതര്‍ പരിശോധന നടത്തി. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്‌. ഉത്സവത്തിനിടയില്‍ സാമൂഹികവിരുദ്ധ ശല്യം തടയാന്‍ ആവശ്യത്തിനു പൊലീസുകാരെ നിയോഗിച്ചതായി ജില്ലാ പൊലീസ്‌ സൂപ്രണ്ടും അറിയിച്ചു.

അജ്ഞതയുടെ അഗാധതയില്‍നിന്ന് വിദ്യയുടെ സര്‍വജ്ഞപീഠം കയറിയ ശ്രീശങ്കരന് സരസ്വതി അറിവു പകര്‍ന്നുനല്‍കിയത് കുടജാദ്രിയിലാണെന്നു കരുതപ്പെടുന്നു. കൊല്ലൂരില്‍നിന്ന് ദുര്‍ഘടമായ മലമ്പാതയിലൂടെ 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടജാദ്രിയിലെത്താം. ജീപ്പ് സര്‍വീസുകള്‍ ലഭ്യമാണ്. വന്യജീവികള്‍ യഥേഷ്ടം വിഹരിക്കുന്ന ഇവിടം മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. എറണാകുളത്തുനിന്ന് ദേശീയപാത പതിനാലിലൂടെ മംഗളൂരു, കുന്ദാപുരം, ഹെമ്മാടി വഴി കൊല്ലൂരിലെത്താം. 560 കിലോമീറ്ററുണ്ട്.

കൊല്ലൂരിന് ഏറ്റവും അടുത്ത പ്രധാന റെയില്‍വേസ്റ്റേഷന് കുന്ദാപുരമാണ്. കൊങ്കണ്‍വഴി പോകുന്ന എല്ലാ തീവണ്ടികള്‍ക്കും കുന്ദാപുരത്ത് സ്റ്റോപ്പുണ്ട്. കുന്ദാപുരത്തുനിന്ന് 50 കിലോമീറ്ററുണ്ട് കൊല്ലൂരിലേക്ക്. കുന്ദാപുരത്തുനിന്ന് കൊല്ലൂരിലേക്ക് ബസ് സര്‍വീസുണ്ട്. കുന്ദാപുരം റെയില്‍വേസ്റ്റേഷന്‍ ഫോണ്‍ : 08254-237365.

വായിക്കുക - ക്ഷേത്രത്തിന്റെ ഐതിഹ്യപ്പെരുമ

(ഫോട്ടോ കടപ്പാട് - പ്രദീപ് ആനക്കൂട്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :