ജിമിക്കിക്കമ്മലും ചില മൂക്കുത്തിക്കാര്യങ്ങളും!

BIJU| Last Modified വെള്ളി, 25 മെയ് 2018 (15:01 IST)
പൊന്നുംകുടത്തിന് പൊട്ട് ഇല്ലെങ്കിലും മനോഹരിയായിരിക്കും. പക്ഷേ കാതില്‍ പേരിനെങ്കിലും ഒരു ആഭരണം ഇല്ലെങ്കിലോ? പരമ ബോറെന്നായിരിക്കും കാമുക ഹൃദയങ്ങള്‍ അടക്കി പറയുക. ഇന്ന് ശരീരം തുളച്ച് ആഭരണങ്ങള്‍ അണിയുക എന്നത് ആചാരത്തിന്‍റെ ഭാഗം മാത്രമല്ല ഫാഷന്‍റെ ഭാഷകൂടിയാണ്.

ആണ്‍, പെണ്‍ ഭേദമന്യേ എല്ലാവരും ഇത്തരം ആഭരണങ്ങള്‍ അണിയാറുള്ളത്. കാതും, മൂക്കും കൂടാതെ പുരികം, പൊക്കിള്‍ ചുഴി, നാവ് തുടങ്ങി ലൈംഗികാവയവങ്ങള്‍ വരെ ഇത്തരത്തില്‍ അലങ്കരിക്കപ്പെടുന്നു.

കാതുകുത്ത്:

കുഞ്ഞ് പിറന്ന് പന്ത്രണ്ടാം നാളില്‍ കാത് കുത്തുക എന്നത് ദക്ഷിണേന്ത്യയില്‍ നില നിന്ന ആചാരമായിരുന്നു. പിന്നീടത് ഒന്നാം പിറന്നാളിന് മുമ്പ് എന്ന രീതിയിലായി. ആണിനും പെണ്ണിനും ഒരേ പോലെ കാത് കുത്തുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ഇന്ന് ഫാഷന്‍ ഭ്രമത്തില്‍ ആണിന്റെ ചെവിയിലും ആഭരണം കണ്ടേക്കാം എങ്കിലും പെണ്ണിന് കര്‍ണ്ണാഭരണം ഒഴിച്ചു കൂട്ടാന്‍ കഴിയില്ല.

കാതിന് ഓം എന്ന മന്ത്രാക്ഷരത്തിന്‍റെ രൂപമാണെന്നാണ് കരുതുന്നത്. കാത് കുത്ത് കല്യാണം (കര്‍ണ്ണവേധം) ഒരു ആചാരത്തിന്‍റെ പ്രാധാന്യത്തോടെ ആണ് നടത്തുന്നത്. കാത് കുത്തുന്ന പോലെ തന്നെ മൂക്ക് കുത്തുന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

മൂക്കൂത്തി:

മൂക്ക് കുത്തി(മൂക്കൂത്തി)കള്‍ ഇന്ത്യയില്‍ കൊണ്ടുവന്നത് മുഗളന്‍‌മാരാണെന്നാണ് കരുതുന്നത്. ഹൈന്ദവ ആചാര പ്രകാരം പെണ്‍‌കുട്ടികളുടെ മൂക്കിന്‍റെ ഇടത് ഭാഗമാണ് തുളയ്ക്കുന്നത്. അഞ്ചാം വയസ്സിലാണ് മൂക്ക് തുളയ്ക്കല്‍ ചടങ്ങ് നടത്തുക. പെണ്‍കുട്ടിയുടെ കന്യകാത്വത്തിന്റെ പ്രതീകമായും മൂക്കൂത്തിയെ കാണാറുണ്ട്. കല്യാണ ദിവസം പെണ്‍കുട്ടി ധരിക്കുന്ന വളയം പോലെയുള്ള മൂക്കൂത്തി രാത്രിയില്‍ വരന്‍ എടുത്തു മാറ്റുന്നു. ഇത് അവളുടെ കന്യകാത്വത്തിന്‍റെ അവസാനത്തെ കുറിക്കുന്നു എന്നാണ് ആചാരങ്ങള്‍ പറയുന്നത്. എന്നാല്‍ ഇന്ന് ഏത് പ്രായത്തിലുള്ള സ്ത്രീകളും മൂക്കുത്തി അണിയുന്നുണ്ട്. അതിന് യാതൊരു വിലക്കുമില്ല.

മൂക്കൂത്തി ധരിക്കുന്നത് ആര്‍ത്തവകാലത്തെയും പ്രസവ സമയത്തെയും വേദന ലഘൂകരിക്കും എന്ന വിശ്വാസവും നിലനില്‍ക്കുന്നു. പഴയകാലത്ത് തീയില്‍ ചൂടാക്കിയ സൂചി ഉപയോഗിച്ചായിരുന്നു കാത് കുത്തലും മൂക്ക് കുത്തലും നടത്തിയിരുന്നത്. ഇന്ന് ആ സ്ഥാനത്ത് സര്‍ജിക്കല്‍ സൂചിയാണ് ഉപയോഗിക്കുന്നത്. കാത് കുത്തിയ മുറിവ് ഉണങ്ങി സാധാരണ നിലയിലെത്താന്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ സമയം എടുക്കും. മൂക്ക് കുത്തലില്‍ ഇത് ആറ് മുതല്‍ 12 ആഴ്ച വരെയാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :