BIJU|
Last Modified തിങ്കള്‍, 3 ഡിസംബര്‍ 2018 (19:07 IST)
മേല്‍ച്ചുണ്ടിലെ നനുത്ത രോമങ്ങള്‍ എംടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ക്കേ ചേരൂ. നീല ഞരമ്പോടിയ കൈകളിലെയും കണങ്കാലിലെയും രോമരാജികളോട് അലര്‍ജിയാണ് ഇപ്പോഴത്തെ സുന്ദരിമാര്‍ക്ക്. അനാവശ്യ രോമങ്ങള്‍ കളയാനുള്ള യത്നത്തിലാണ് അവര്‍. അതിനായി എന്തു വേദനയ്ക്കും തയ്യാര്‍. എത്ര പണം മുടക്കാനും തയ്യാര്‍.
ചെറിയ തോതില്‍ സ്ത്രീകളുടെ മുഖത്ത് രോമമുണ്ടാവുന്നത് സഹജം. അത് അത്ര വലിയ കാര്യമോ ഉത്കണ്ഠയുണര്‍ത്തുന്ന വസ്തുതയോ അല്ല. അതിന് കട്ടികൂടുമ്പോഴാണ് സംഗതി വഷളാവുന്നത്. പാരമ്പര്യമാണ് രോമവളര്‍ച്ചയ്ക്ക് ഒരു പ്രധാനകാരണം.
പിന്നെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ആര്‍ത്തവം, ഗര്‍ഭധാരണം, ആര്‍ത്തവവിരാമം, ഉത്കണ്ഠ, മരുന്നുകളുടെ ഉപയോഗം, ഭക്ഷണ രീതിയിലെ പൊരുത്തക്കേടുകള്‍ എന്നിവയും രോമവളര്‍ച്ചയുടെ വേഗത കൂട്ടും. ഫലമോ? കുമാരിമാര്‍ക്ക് മാനസികാഘാതം.
വീട്ടിലെ ചികിത്സ
വീട്ടില്‍ത്തന്നെ ചെയ്യാവുന്ന രോമനിവാരണ ചികിത്സയുണ്ട്. മഞ്ഞള്‍ തേച്ചു പിടിപ്പിക്കുന്നത് രോമവളര്‍ച്ച തടയുമെന്ന് കണ്ടു പിടിച്ചിട്ടുണ്ട്. നാരങ്ങാനീരും, തേനും ഗ്ളിസറിനും പരിനീരും കലര്‍ന്ന മിശ്രിതമുണ്ടാക്കി രോമവളര്‍ച്ച നിയന്ത്രിക്കാവുന്നതാണ്.
പഞ്ചസാരയും നാരങ്ങാനീരും വെള്ളവുമുപയോഗിച്ച് ചെയ്യുന്ന അതിലളിത "ഷുഗറിങ്' പരീക്ഷണം രോമം നശിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇന്ന് വിപണിയിലെ പുത്തന്‍ ഉത്പന്നങ്ങള്‍ സുന്ദരിമാര്‍ക്ക് സുഖനിദ്ര പ്രദാനം ചെയ്യുന്നു.
ട്വീസിങ്, ത്രെഡിങ്, പാക്സിങ് ഇവ മൂന്നും രോമത്തെ അതിന്‍റെ വേരുകളോടെ തന്നെ പറിച്ചുകളയുന്നു. രോമവളര്‍ച്ച പതുക്കെയാക്കാനും സഹായിക്കുന്ന ഈ രീതികള്‍ ഫലപ്രദവും സുരക്ഷിതവുമായ രോമനിവാരണ മാര്‍ഗങ്ങളാണ്.
ട്വീസിങ്
പ്ളക്കറുപയോഗിച്ച് അനാവശ്യരോമങ്ങള്‍ പിഴുതു കളയുന്ന രീതിയാണ് ട്വീസിങ്. താടിയിലെയും പുരികത്തിലെയും അനാവശ്യ രോമങ്ങള്‍ പിഴുതു കളയാനാണ് ഈ രീതി ഫലപ്രദം. നല്ല വേദനയുണ്ടാവും. ചിലപ്പോള്‍ തൊലി ചുവന്ന നിറത്തിലാകും. വേദനയുണര്‍ത്താത്ത രീതിയില്‍ ഇത് ചെയ്യുന്നയിടങ്ങള്‍ ഇപ്പോള്‍ ധാരാളമുണ്ട്.
കമ്പിളിത്തുണി കൊണ്ട് രോമം കളയേണ്ട ഭാഗം തടവുക. അപ്പോള്‍ മുടിക്ക് സ്നിഗ്ദ്ധത കൈവരും. രോമകൂപങ്ങള്‍ തുറക്കും. അപ്പോള്‍ ട്വീസിങ് എളുപ്പമാകും. വേദന അധികമാണെന്ന് തോന്നുന്നുവെങ്കില്‍ ഒരു ഐസുകട്ട ആ ഭാഗത്ത് വച്ച് മരവിപ്പിച്ചിട്ട് രോമം പിഴുതെടുക്കുക.
ത്രെഡിങ്
പുരികത്തിലെയും മേല്‍ച്ചുണ്ടിലെയും താടിയിലെയും നെറ്റിയിലെയും അനാവശ്യരോമങ്ങള്‍ കളയാനാണ് ത്രെഡിങ് രീതി. രണ്ടു പിരിയന്‍ നൂലുപയോഗിച്ച് രോമം അതിനിടയിലാക്കി വലിച്ചെടുക്കുന്ന രീതിയാണിത്.
സൂക്ഷ്മമായി ചെയ്തില്ലെങ്കില്‍ ആവശ്യമുള്ള രോമങ്ങളും ഇതോടൊപ്പം പുറത്താകുമെന്നതിനാല്‍ ശ്രദ്ധ ആവശ്യമാണ് ത്രെഡിങ്.
വാക്സിങ്
ഏറ്റവും സൗകര്യപ്രദവും ഫലപ്രദവും ആയ രോമനിവാരണ രീതിയാണ് വാക്സിങ്. ഏറ്റവും സുരക്ഷിതമായ മാര്‍ഗവും. പക്ഷേ മുഖരോമം നീക്കം ചെയ്യാന്‍ മെഴുകുപയോഗിച്ചുള്ള ഈ രീതി പിന്തുടരുന്നത് ശരിയല്ല.
കാലുകള്‍, കൈകള്‍, വയറ്, കക്ഷം, ഗുഹ്യപ്രദേശം എന്നിവിടങ്ങളിലെ രോമം നീക്കം ചെയ്യാനാണ് പ്രധാനമായും വാക്സിങ് രീതി ഫലപ്രദം.