ലോക്‌സഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍.....

തിരുവനന്തപുരം| WEBDUNIA|
PTI
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാളെ (ഏപ്രില്‍ പത്ത്) നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടുചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ പേര് വോട്ടര്‍ പട്ടികയിലുണ്ടെന്ന് മുന്‍കൂട്ടി ഉറപ്പ് വരുത്തണം. പോളിംഗ് ബൂത്തിന് സമീപത്തുള്ള ബൂത്ത്തല ഉദ്യോഗസ്ഥന്റെ (ബി.എല്‍.ഒ) പക്കല്‍ നിന്നും വോട്ടര്‍ പട്ടിക നോക്കി പേര് കണ്ടെത്താം. ബി.എല്‍.ഒ നല്‍കുന്ന ഫോട്ടോയുള്ള സ്ലിപ്പ്, സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധികള്‍ നല്‍കുന്ന അനൗദ്യോഗിക സ്ലിപ്പ് എന്നിവ കരുതിയാല്‍ ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേര് വേഗം കണ്ടെത്താന്‍ കഴിയും.

പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സ്ലിപ്പില്‍ ഉണ്ടാവരുത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക, ചിഹ്നം എന്നിവയും, ബൂത്തിന്റെ പരിധിയില്‍വരുന്ന പ്രദേശങ്ങളുടെ വിവരവും പോളിംഗ് ബൂത്തിന് പുറത്ത് രേഖപ്പെടുത്തിയിരിക്കും. വോട്ടുചെയ്യാനായി ക്യൂവില്‍ നിന്നുവേണം പോളിംഗ് ബൂത്തിനുള്ളില്‍ കടക്കാന്‍. സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ക്യൂ ഉണ്ടാവുമെങ്കിലും വികലാംഗര്‍, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഈ അധികാരത്തെ പോളിംഗ് ഏജന്റുമാര്‍ തര്‍ക്കമുന്നയിച്ച് ചോദ്യംചെയ്യാന്‍ പാടുള്ളതല്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വരി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്‍ രണ്ടോ മൂന്നോ സമ്മതിദായയകരെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കും. ബുത്തിനുള്ളില്‍ കടന്നശേഷം വോട്ടര്‍ ഒന്നാം പോളിംഗ് ഓഫീസറുടെ സമീപം എത്തണം. മാര്‍ക്ക് ചെയ്ത വോട്ടര്‍ പട്ടിക നോക്കി ഒന്നാം പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ പേര് കണ്ടെത്തി ഉറക്കെ വായിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളവയില്‍ സമ്മതിദായകന്‍ നല്‍കുന്ന രേഖ പോളിംഗ് ഓഫീസര്‍ പരിശോധിച്ച് വോട്ടറെ തിരിച്ചറിയും പോളിംഗ് ഏജന്റുമാര്‍ തര്‍ക്കം ഉന്നയിക്കാതിരുന്നാല്‍ വോട്ടര്‍ക്ക് രണ്ടാം പോളിംഗ് ഓഫീസര്‍ ഇടതു ചൂണ്ടുവിരലില്‍ മായാത്ത മഷി പുരട്ടും. നഖത്തിന്റെ മേലറ്റം മുതല്‍ വിരലിന്റെ മുകളില്‍ നിന്നുള്ള ആദ്യത്തെ ജോയിന്റ് വരെ ഒരു വരയായിട്ടാണ് മഷി പുരട്ടുക. വോട്ടറുടെ വോട്ടര്‍പട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടര്‍രജിസ്റ്ററില്‍ രേഖപ്പെടുത്തും.

സമ്മതിദായകന്റെ ഒപ്പ് അഥവാ വിരലടയാളം രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം വോട്ടു ചെയ്യാനുള്ള സ്ലിപ്പും നല്‍കും. സ്ലിപ്പില്‍ വോട്ട് രജിസ്റ്ററിലെയും വോട്ടര്‍ പട്ടികയിലെയും സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കും. തുടര്‍ന്ന് വോട്ടിംഗ് യന്ത്രത്തിന്റെ നിയന്ത്രണ ചുമതലയുള്ള മൂന്നാം പോളിംഗ് ഓഫീസറോ പ്രിസൈഡിംഗ് ഓഫീസറോ സ്ലിപ്പ് വാങ്ങിയ ശേഷം വോട്ടറുടെ വിരലിലെ മഷി ഉണങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി വോട്ട് രേഖപ്പെടുത്താന്‍ വോട്ടിംഗ് യന്ത്രത്തിനടുത്തേക്ക് പോകാനനുവദിക്കും. യന്ത്രത്തിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി പോളിംഗ് ഓഫീസര്‍ യന്ത്രം വോട്ടിംഗിന് സജ്ജമാക്കും.

വോട്ടര്‍ രജിസ്റ്ററിലെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടു രേഖപ്പെടുത്താന്‍ അനുവദിക്കുക. ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബിസി(ആഡടഥ) എന്ന് രേഖപ്പെടുത്തിയ ബള്‍ബ് ചുവപ്പ് നിറത്തില്‍ പ്രകാശിക്കും. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള ബാലറ്റ് യൂണിറ്റില്‍ റെഡി എന്നു രേഖപ്പെടുത്തിയ ബള്‍ബ് പച്ചനിറത്തില്‍ പ്രകാശിക്കും. സമ്മതിദായകന്‍ വോട്ടുരേഖപ്പെടുത്താനായി സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീലബട്ടണ്‍ അമര്‍ത്തണം. അപ്പോള്‍ റെഡി ബള്‍ബ് അണഞ്ഞ് വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയുടെ പേരിനുനേരെയുള്ള ലൈറ്റ് ചുവന്നതായി പ്രകാശിക്കും. ഒപ്പം കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ബീപ്പ് ശബ്ദം കേള്‍ക്കാനാവും. സെക്കന്റുകള്‍ക്കകം ചുവപ്പ് പ്രകാശം അണഞ്ഞ് ബീപ്പ് ശബ്ദം നിലയ്ക്കും.

അടുത്ത വോട്ടര്‍ക്ക് വോട്ടുചെയ്യാന്‍ പോളിംഗ് ഓഫീസര്‍ വീണ്ടും കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തണം. വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതില്‍ സംശയമുള്ളവര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍ തന്റെ വശമുള്ള മാതൃകായന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവിധം കാണിച്ചുകൊടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :