പറവൂരിലെ രണ്ടു ബൂത്തില്‍ പോളിങ്‌ 90 ശതമാനം

എറണാകുളം| WEBDUNIA|
PRO
PRO
ലോക്‍സഭ മണ്ഡലത്തിലെ പറവൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇക്കുറി 79.10 ശതമാനം പേര്‍ വോട്ടു ചെയ്തു. മണ്ഡലത്തിലെ രണ്ടു പോളിങ്‌ ബൂത്തില്‍ 90 ശതമാനത്തിലേറെയായിരുന്നു പോളിങ്‌. നാല്‌ ബൂത്തില്‍ മാത്രമാണ്‌ 60-69 ശതമാനം വോട്ടിങ്‌. 88 ബൂത്തില്‍ 70-79 ശതമാനത്തിനിടയ്ക്ക്‌ പോളിങ്‌ നടന്നപ്പോള്‍ 68 ബൂത്തുകളില്‍ 80-89 ശതമാനം വരെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെ 162 പോളിങ്‌ ബൂത്താണ്‌ മണ്ഡലത്തില്‍. ഇതില്‍ 156 ബൂത്തില്‍ 70നും 89 ശതമാനത്തിനും ഇടയില്‍ പോളിങ്‌ നടന്നു.

മണ്ഡലത്തില്‍ ആകെയുളള വോട്ടര്‍മാരില്‍ 79.10 ശതമാനം പേരാണ്‌ വോട്ടുചെയ്തത്‌. 176993 വോട്ടര്‍മാരില്‍ 140183 പേര്‍ പോളിങ്‌ ബൂത്തിലെത്തി. ഇതില്‍ 68802 പുരുഷന്മാരും 71381 സ്ത്രീകളുമാണ്‌. മണ്ഡലത്തില്‍ ആകെ 183 പേര്‍ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുപയോഗിച്ച്‌ വോട്ടു ചെയ്തു. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ (എപിക്‌) ഉപയോഗിച്ച്‌ 135708 പേര്‍ വോട്ടു ചെയ്തപ്പോള്‍ 4475 പേര്‍ മറ്റു രേഖകളാണുപയോഗിച്ചത്‌.

വാവക്കാട്‌ ഗവ:എല്‍.പി സ്കൂളിലെ പന്ത്രണ്ടാം നമ്പര്‍ ബൂത്തിലാണ്‌ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്‌ ശതമാനം. ഇവിടെ ആകെയുളള 1097 വോട്ടര്‍മാരില്‍ 1017 പേരും വോട്ടു ചെയ്തു. ഇതില്‍ 496 പുരുഷന്മാരും 521 സ്ത്രീകളും ആണ്‌. 1017 പേരും എപിക്‌ ആണ്‌ ഉപയോഗിച്ചത്‌. പോളിങ്‌ ശതമാനം 92.40 ശതമാനം, മണ്ഡലം ശരാശരിയേക്കാള്‍ 13.33 ശതമാനം കൂടുതലാണിത്‌.

പറവൂര്‍ കുമാരവിലാസം എല്‍.പി.സ്കൂളിലെ നൂറാം നമ്പര്‍ ബൂത്തിലാണ്‌ ഏറ്റവും കുറവ്‌ ശതമാനം പോളിങ്‌. ആകെയുളള 1091 വോട്ടര്‍മാരില്‍ 358 പുരുഷന്മാരും 378 സ്ത്രീകളും ഉള്‍പ്പെടെ 736 പേരാണ്‌ ഇവിടെ വോട്ടുചെയ്തത്‌. 67.46 ശതമാനമാണിത്‌. മണ്ഡലത്തിലെ ആകെ ശരാശരിയെക്കാള്‍ -11.64 ശതമാനം കുറവാണ്‌ ഇവിടുത്തെ പോളിങ്‌.

എന്നാല്‍ ഏറ്റവും കൂടുതല്‍ വോട്ടും ഏറ്റവും കുറവ്‌ വോട്ടും രേഖപ്പെടുത്തിയത്‌ മണ്ഡലത്തിലെ യഥാക്രമം 82, 47 ബൂത്തുകളിലാണ്‌. ചിറ്റാറ്റുകരയിലെ ഐ.സി.ഡി.എസ്‌. അംഗന്‍വാടിയിലെ എണ്‍പത്തി രണ്ടാം നമ്പര്‍ ബൂത്തില്‍ ആകെയുള്ള 1458 വോട്ടര്‍മാരില്‍ 1248 പേര്‍ വോട്ടു രേഖപ്പെടുത്തി. ഇതില്‍ 616 പുരുഷന്മാരും 632 സ്ത്രീകളുമാണ്‌.

ഇതില്‍ 1126 പേരും തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച്‌ വോട്ടു ചെയ്തപ്പോള്‍ 122 പേര്‍ മറ്റു രേഖകളാണ്‌ ഹാജരാക്കിയത്‌. ബൂത്തിലെ ആകെ പോളിങ്‌ ശതമാനം 85.6. മണ്ഡലത്തിലെ ആകെ ശരാശരിയേക്കാള്‍ 6.5 ശതമാനം കൂടുതലാണിത്‌.

ഏറ്റവും കുറവ്‌ പോളിങ്‌ നടന്ന വലിയ പഴമ്പിള്ളിത്തുരുത്ത്‌ ധര്‍മപോഷിണിസഭ എല്‍.പി.സ്കൂളിലെ നാല്‍പ്പത്തി ഏഴാംനമ്പര്‍ ബൂത്തില്‍ ആകെയുള്ളത്‌ 408 വോട്ടര്‍മാരാണ്‌. ഇതില്‍ 157 പുരുഷന്മാരും 202 സ്ത്രീകളും വോട്ടുചെയ്തു. കുറവ്‌ വോട്ടാണ്‌ രേഖപ്പെടുത്തിയതെങ്കിലും മണ്ഡലം ശരാശരിയേക്കാള്‍ 8.89 ശതമാനം കൂടുതലാണ്‌ ഇവിടുത്തെ പോളിങ്‌. ശതമാനക്കണക്കിലും താഴെയല്ല. ആകെയുള്ള വോട്ടര്‍മാരില്‍ 87.99 ശതമാനം പേരാണ്‌ ഇവിടെ വോട്ടു ചെയ്തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :