തെരഞ്ഞെടുപ്പ് കന്യാകുമാരിയില്‍ തീപാറും

നാഗര്‍കോവില്‍| WEBDUNIA|
PRO
PRO
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചൂട് ഒരുവിധം കഴിഞ്ഞെങ്കിലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും അതിര്‍ത്തി ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചൂട് തുടങ്ങിയതേയുള്ളു. തിരുവനന്തപുരം മണ്ഡലത്തോട് തൊട്ടു കിടക്കുന്ന കന്യാകുമാരിയില്‍ ഇത്തവണ മത്സരം തീപാറും എന്ന് തന്നെയാണ്‌ കണക്കുകൂട്ടലുകള്‍.

പ്രാദേശിക പ്രശ്നങ്ങളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാന ദേശീയ പ്രശ്നങ്ങള്‍ തന്നെയാണ്‌ എല്ലാ പാര്‍ട്ടികളുടെ പ്രചാരണ അജണ്ഡയിലെ പ്രധാന ഘടകങ്ങള്‍. ഉദയകുമാറും ഇവിടെ മത്സരിക്കുന്നത് കൂടം‍കുളം ആണവനിലയവും ഇതില്‍ പ്രധാനപ്പെട്ട ഒന്നാകുമെന്നാണു കണക്കുകൂട്ടുന്നത്.

കേവലം പത്ത് ദിവസങ്ങള്‍ മാത്രമാണ്‌ ഇവിടെ വോട്ടെടുപ്പിനുള്ളത്. ആകെ 25 സ്ഥാനാര്‍ത്ഥികളാണിവിടെ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ഇവിടെ സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യമുണ്ടായിരുന്നു - 22 പേര്‍. പ്രധാനപ്പെട്ട ആറു പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണിവിടെ മത്സരിക്കുന്നത്.

തമിഴ്നാട്ടിലെ മറ്റ് മണ്ഡലങ്ങളിലെല്ലാം തന്നെ പ്രധാനപ്പെട്ട അഞ്ച് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണുള്ളതെങ്കിലും ഇവിടെ ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി എസ്.പി ഉദയകുമാര്‍ മത്സരികുന്നു എന്നതിനാല്‍ പ്രധാന പാര്‍ട്ടികളുടെ ആറ് സ്ഥാനാര്‍ത്ഥികളാണിവിടെയുള്ളത്. കൂടം‍കുളം ആണവ നിലയ സമരസമിതി നേതാവ് എന്ന നിലയില്‍ ഉദയകുമാറിന്‌ തികഞ്ഞ വ്യക്തി പ്രഭാവമാണ്‌ ഇവിടെയുള്ളത്.

ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ യുടെ ജോണ്‍ തങ്കവും ഡി.എം.കെയുടെ എഫ്.എം.രാജരത്നവും സപ്തകക്ഷികളുടെ പിന്‍തുണയോടെ മത്സരിക്കുന്ന ബി.ജെ.പിയുടെ പൊന്‍രാധാകൃഷ്ണനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എച്ച്.വസന്തകുമാറും സി.പി.എം സ്ഥാനാര്‍ത്ഥി ബെല്ലാര്‍മിനുമാണ്‌ മറ്റു പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡി ഏപ്രില്‍ 17 ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കൂടിയായ പൊന്‍ രാധാകൃഷ്ണന്‍റെ പ്രചാരണത്തിനെത്തുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായ വസന്തകുമാരിക്കായി പതിനാറാം തീയതി സോണിയാ ഗാന്ധിയും പ്രചാരണത്തിനായി വരുന്നുണ്ട്.

എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാക്കിക്കൊണ്ട് മുഖ്യമന്ത്രി ജയലളിതയും, ഡി.എം.കെ സ്ഥാനാര്‍ത്ഥിക്കായി എം.കെ.സ്റ്റാലിനും ഒന്നാം വട്ട പ്രചാരണം ഇവിടെ നടത്തിക്കഴിഞ്ഞത് ഇരുവരുടെയും പാര്‍ട്ടി അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.

ദേശീയ നേതാക്കളായ സോണിയാ ഗാന്ധിയും നരേന്ദ്ര മോഡിയും എത്തുന്നത് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം തീര്‍ത്തും മത്സരത്തിനു തീപാറുന്ന ഒരു അന്തരീക്ഷമൊരുക്കും എന്നത് തീര്‍ച്ചയായിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :