ദീപാവലി: നരകാസുരവധവും മറ്റ് ഐതീഹ്യ കഥകളും

മനു നെല്ലിക്കല്‍| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (21:08 IST)
നരകാസുരവധം: ഭൂമിദേവിക്ക് അവിഹിതബന്ധത്തില്‍ പിറന്ന നരകാസുരന്‍ ത്രിലോകത്തിനും ശല്യമായപ്പോള്‍ വിഷ്ണുവും ഇന്ദ്രനും ഗരുഡനും ചേര്‍ന്ന് നരകാസുരനെ വധിച്ചതിന്‍റെ ആഹ്ളാദ സൂചകമായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു കഥയുണ്ട്.

പടക്കം പൊട്ടിച്ചും ദീപങ്ങള്‍ കത്തിച്ചും മധുരപലഹാരം വിതരണം ചെയ്തും ഈ ദിനം ആഘോഷിക്കുന്നത് ആ ഓര്‍മ്മ പുതുക്കാനാണെന്നാണ് പറയുന്നത്.

ഭൂമിദേവിയുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു നരകാസുരന്‍റെ സംരക്ഷണത്തിന് നാരായണാസ്ത്രം നല്കിയതോടെ നരകാസുരന്‍ വിശ്വരൂപം കാട്ടി. ഇന്ദ്രന്‍റെ വെണ്‍കൊറ്റക്കുട അപഹരിച്ചും ഇന്ദ്രമാതാവിന്‍റെ കുണ്ഡലങ്ങള്‍ കവര്‍ന്നും പതിനായിരത്തില്‍പരം ദേവ-മനുഷ്യ സ്ത്രീകളെ തടവിലിട്ടും രാജ്യത്തിന്‍റെ കാവല്‍ അസുരരെ ഏല്പിച്ചും അഴിഞ്ഞാടിയ ഈ അസുര ചക്രവര്‍ത്തിയെ വധിക്കാനാണ് മഹാവിഷ്ണു മുന്നിട്ടിറങ്ങിയത്.

പിതൃദിനം: ബംഗാളില്‍ മറ്റൊരു വിധത്തിലാണ് ആഘോഷം. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവച്ച് മുകളില്‍ ദീപം കത്തിച്ചുവച്ചാണ് ഇവരുടെ ആഘോഷം.

മധുപാന മഹോത്സവം: വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം.

മഹാബലി: മഹാരാഷ്ട്രയില്‍ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലി. ധാന്യപ്പൊടി കൊണ്ടോ, ചാണകപ്പൊടി കൊണ്ടോ മഹാബലിയുടെ രൂപമുണ്ടാക്കി അദ്ദേഹത്തിന്‍റെ രാജ്യം വീണ്ടും വരട്ടെ എന്ന് സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതാണ് ഈ ആഘോഷത്തിലെ മുഖ്യ ചടങ്ങ്.

വിക്രമവര്‍ഷാരംഭദിനം: വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവര്‍ഷാരംഭ ദിനമായും ജാതക കഥകളില്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.

ശ്രീരാമപട്ടാഭിഷേകം: രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായി അയോധ്യയിലെത്തിയ ശ്രീരാമന്‍ പട്ടാഭിഷേകം നടത്തിയതിന്‍റെ ഓര്‍മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.

ചൂതാട്ടം: ശിവപാര്‍വതിമാരും ഗണപതിസുബ്രഹ്മണ്യന്മാരും ചൂതാട്ടം നടത്തിയതിന്‍റെ ഓര്‍മ പുതുക്കാനാണ് ദീപാവലി ആഘോഷമെന്ന കഥയ്ക്കും പ്രചാരമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :