"കലാമണ്ഡലത്തില്‍ നിന്നിറങ്ങിയപ്പോള്‍ നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് പൈങ്കുളം ചാക്യാര്‍ സ്മാരകവിദ്യാലയത്തില്‍ അധ്യാപികയാകാന്‍ ക്ഷണം ലഭിച്ചത്. ആ ക്ഷണം സ്വീകരിച്ചു. അവിടെ അധ്യാപികയായി. യുവജനോത്സവത്തില്‍ വിദ്യാര്‍ഥികളെ കൂടിയാട്ടം പഠിപ്പിക്കലായിരുന്നു ജോലി. ഒട്ടും താത്പര്യമില്ലാതിരുന്ന ജോലിയായിരുന്നു അത്. കാരണം കുട്ടികളെ മത്സരത്തിനു വേണ്ടിമാത്രം ഒരു പാക്കേജായി കൂടിയാട്ടം പഠിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. വളരെ ദൈര്‍ഘ്യമുള്ള കല എഡിറ്റ് ചെയ്തു പഠിപ്പിക്കുക എന്നു പറഞ്ഞാല്‍ തന്നെ ബുദ്ധിമുട്ടല്ലേ. നല്ല പ്രതിഭയുള്ളതുകൊണ്ടു കുട്ടികള്‍ നന്നായി അവതരിപ്പിച്ചേക്കും. പക്ഷേ മത്സരം കഴിഞ്ഞാല്‍ പിന്നീട് അതിന് പ്രസക്തിയില്ലാതാകും. ഒരു വര്‍ഷം വെറുതെ പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. സാമ്പത്തികലാഭം ഉണ്ടാകും നമ്മള്‍ നേരിട്ട് ഏറ്റെടുക്കുകയാണെങ്കില്‍. മറ്റൊരാളുടെ കീഴിലാകുമ്പോള്‍ അതുമില്ല. അതുകൊണ്ട് അത് നിര്‍ത്തി" - സിന്ധുവിന്റെ വാക്കുകളില്‍ നിരാശ.