ചലച്ചിത്ര നടന്‍ കെ.പി. ഉമ്മര്‍ അന്തരിച്ചു

ചെന്നൈ : | WEBDUNIA|
2001 ഒക്ടോ 29: മലയാള സിനിമയിലെ അതുല്യ നടനായിരുന്ന കെ.പി. ഉമ്മര്‍ ഇന്ന് വൈകീട്ട് 4.45 ന് ചെന്നൈയില്‍ നിര്യാതനായി. ചെന്നൈയിലെ വിജയാഹോസ്പിറ്റലില്‍ വച്ചായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.

കഴിഞ്ഞ ആറുമാസമായി അസുഖങ്ങളുടെ കാഠിന്യത്തില്‍ ജീവിതം തുഴഞ്ഞു നീക്കുകയായിരുന്നു ഉമ്മര്‍. അതികഠിനമായ പ്രമേഹരോഗത്തിനടിമയായിരുന്ന ഉമ്മറിന്‍െറ ചില ശരീരഭാഗങ്ങള്‍ വരെ മുറിച്ചുമാറ്റേണ്ടി വന്നത്, അദ്ദേഹവും കുടുംബവും അടുത്ത സിനിമക്കാരും മാത്രമറിഞ്ഞ ഒരു രഹസ്യമായിരുന്നു.

എങ്കിലും അസുഖത്തിനു ശമനം കിട്ടിയ ശേഷം അദ്ദേഹം വീണ്ടും ആരോഗ്യവാനായിത്തന്നെ ചെന്നൈയിലെ സാലിഗ്രാമത്തിലെ വീട്ടില്‍ തിരിച്ചെത്തി.

എന്നാല്‍ സപ്തംബര്‍ ആദ്യവാരമായതോടെ രോഗം വീണ്ടും മൂര്‍ച്ചിക്കുകയും വടപളനിയിലെ സൂര്യഹോസ്പിറ്റലില്‍ അദ്ദേഹം ചികിത്സക്കെത്തുകയും ചെയ്തു. സൂര്യാ ഹോസ്പിറ്റില്‍ നിന്ന് അസുഖം മൂര്‍ച്ചിക്കുകയും സംസാരശേഷിയില്ലാതായ ഉമ്മറിനെ വിജയാഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒരു വൃക്ക പൂര്‍ണ്ണമായും പ്രവര്‍ത്തനശേഷി നശിച്ചിരുന്നു. പ്രവര്‍ത്തനശേഷിയുള്ള മറ്റു വൃക്കയാകട്ടെ രക്തസഞ്ചാരമില്ലാതെ കിടന്നു.

വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉമ്മര്‍ മരിച്ചേക്കുമെന്ന ആശങ്കയായിരുന്നു. അങ്ങനെ രണ്ടാഴ്ചയോളം സൂര്യഹോസ്പറ്റിലെ അത്യാഹിത വിഭാഗത്തില്‍ ജീവച്ഛവമായി കിടന്നു ഉമ്മര്‍. മരണത്തെ മുഖാമുഖം നോക്കി!

അവസാനം ഒരു ദിവസം ഈ അതുല്യനടനെ മരണം മാടി വിളിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :