കര്‍ണ്ണാടക: ബിജെപി മന്ത്രി രാജി വച്ചു

ബാംഗ്ലൂര്‍| WEBDUNIA|
കര്‍ണ്ണാടക ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ ശ്രീരാമുലു ശനിയാഴ്ച രാജി വച്ചു. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് ജനതദള്‍ എസുമയി ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ സൌമ്യമായി തീര്‍ക്കുന്നതിന്‍റെ ഭാഗമാണ് രാജി. ഇരു പാര്‍ട്ടികളുമായുള്ള ധാരണ പ്രകാരം ഒക്ടോബര്‍ മൂന്നിനാണ് ബിജെപിക്ക് അധികാരം കൈമാറേണ്ടത്.

അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ബിജെപി മന്ത്രി ശീരാമുലു നിലവിലെ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമായത്. , ബിജെപി നേതാക്കളുമായി ചര്‍ച്ചക്ക് ദില്ലിയിലെത്തിയ ജനതാദള്‍ എസ് നേതാവ് ദേവഗൌഡ ഈ സംഭവത്തെ തുടര്‍ന്ന് നേതാക്കളെ കാണാതെ മടങ്ങിയിരുന്നു. ബിജെപി മുന്‍ കൈയ്യെടുക്കാതെ ഇനി ചര്‍ച്ചക്കില്ലെന്നും ദേവഗൌഡ വ്യക്തമാക്കിയിരുന്നു.

രാജി വയ്ക്കുവാന്‍ മന്ത്രിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ തന്‍റെ സ്വന്തം ഇഷ്ട പ്രകാരമാണ് രാജി വയ്ക്കുന്നതെന്ന് ശ്രീരാമുലു വ്യക്തമാക്കി. അധികാര കൈമാറ്റം ശരിയായി നടക്കണമെന്നും അതിന് താന്‍ തടസമായിക്കൂട എന്നും ശ്രീരാമുലു പറഞ്ഞു.

പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനായി ബിജെപി നേതൃത്വം യശ്വന്ത് സിന്‍ഹയെ നിയോഗിച്ചിട്ടുണ്ട്.സിന്‍ഹ ഉടന്‍ തന്നെ ദേവഗൌഡയുമായി ചര്‍ച്ച നടത്തും. അതേസമയം ദേവഗൌഡയുടെ പാര്‍ട്ടിയുമായി ഇനി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :