1987ലെ ഒക്ടോബര്‍ ആദ്യം നവരാത്രി ഉത്സവത്തില്‍ പങ്കെടുത്ത് തൊഴുത് മൂകാംബികയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന് വയറിന് നല്ല സുഖമുണ്ടായിരുന്നില്ല. ഒമ്പതാം തീയതി എറണാകുളത്ത് രാമായണം അവതരിപ്പിക്കാനുള്ള റിഹേഴ്സല്‍ തകൃതിയായി നടക്കുകയാണ്.
അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത ഗുരുജി അറിഞ്ഞത്. ശ്രീരാമനായി നൃത്തം ചെയ്യുന്ന ആള്‍ക്ക് വരാനാവില്ല. അയാള്‍ക്ക് അടിയന്തിരമായി ദില്ലിക്ക് പോയേ പറ്റൂ. വാര്‍ത്ത അറിഞ്ഞതും ഗുരുജിയുടെ കണ്ണില്‍ ഇരുട്ട് കയറി. തലചുറ്റി. ലഘുവായ സ്ട്രോക്ക്.
മൂന്ന് ദിവസം കൊണ്ട് എങ്ങനെ പുതിയൊരു ശ്രീരാമനെ കിട്ടും? വിശ്വകലാകേന്ദ്രത്തിലെ അധ്യാപിക പങ്കജവല്ലിയുടെ ഭര്‍ത്താവ് ശശിധരന്‍ അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. അയാളെ ആളയച്ച് വരുത്തി. ധൃതിപ്പെട്ട് പരിശീലനം നല്‍കി.
എങ്കിലും ഗുരുജിക്ക് തൃപ്തി വരുന്നില്ല. വരാന്‍ പറ്റില്ലെന്ന് പറഞ്ഞു കൂടെ. പരിപാടി റദ്ദാക്കിക്കൂടെ..... ഭാര്യ തങ്കമണി ചോദിക്കുന്നു. നമ്മളെത്ര തവണ രാമായണം അവതരിപ്പിച്ചു ഈ വയസ്സുകാലത്ത് ഇനിയെങ്കിലും വിശ്രമിച്ചുകൂടേ.
ഗുരുജി ഒന്നു ചിരിച്ചു. തങ്കമണി കൊടുത്ത വാക്കില്‍ നിന്നും ഞാന്‍ പിന്മാറില്ല. പിന്നെ രാമായണം...... എത്രതവണ അവതരിപ്പിച്ചാലെന്താ ....... കര്‍ട്ടന്‍ ഉയര്‍ന്നാല്‍ മുന്നില്‍ കടലുപോലെ ആളുകള്‍ ഇരിക്കുന്നത് കാണുപോലെ സന്തോഷമെന്തുണ്ട്? മരിച്ചാലും വേണ്ടില്ല. ഞാന്‍ ഈ പരിപാടി കൂടി അവതരിപ്പിക്കും.
ഉടനെ ഗുരുജി ഫോണെടുത്തു എറണാകുളത്തെ ശിഷ്യന്‍ ടി. രാധാകൃഷ്ണനെ വിളിച്ചു. നീ ദശരഥന്‍റെ വേഷം കെട്ടാന്‍ തയാറായി ഇരുന്നുകൊള്ളണം. എനിയ്ക്ക് നല്ല സുഖമില്ല. എന്തെങ്കിലും സംഭവിച്ചാല്‍ നീ വേണം ദശരഥനെ അവതരിപ്പിക്കാന്‍.
അതെ. ഗുരുജി പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു. പറഞ്ഞ വാക്ക് പാലിച്ചു. പരിപാടി നടത്തി. അരങ്ങില്‍ വച്ചുതന്നെ മരിച്ചു. പകരക്കാരനായി ശിഷ്യന്‍ അരങ്ങില്‍ വരികയും ചെയ്തു.