സാധകം വഴി കണ്ണുകള്‍ അഭിനയത്തിന് പാകമാക്കുകയാണ് കൂടിയാട്ടത്തിന്‍റെയും കഥകളിയുടെയും രീതി. കണ്ണുകൊണ്ട് അഭിനയത്തിന്‍റെ ഉദാത്തതയില്‍ എത്തിച്ചേര്‍ന്ന ആചാര്യനാണ് മാണി മാധവ ചാക്യാര്‍.
മരിക്കുന്നതുവരെ ചാക്യാര്‍ തന്‍റെ കണ്ണിന്‍റെ സിദ്ധികള്‍ സൂക്ഷിച്ചിരുന്നു. വാര്‍ദ്ധക്യം അതിന്‍റെ സൗന്ദര്യം ചോര്‍ത്തിക്കളഞ്ഞിരുന്നില്ല.
വള്ളത്തോള്‍ കലാമണ്ഡലം തുടങ്ങിയപ്പോള്‍ ആദ്യസംഘം വിദ്യാര്‍ത്ഥികളെ കണ്ണുസാധകം ചെയ്യിക്കാന്‍ നിയോഗിച്ചത് മാണി മാധവ ചാക്യാരെയായിരുന്നു.
കഥകളിയിലെ ഇതിഹാസമായ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, വിശ്വ നര്‍ത്തകനായ ആനന്ദ് ശിവറാം, കേളു നായര്‍, മാധവന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ചാക്യാരില്‍ നിന്ന് കണ്ണഭിനയം പഠിച്ചു.
കലാമണ്ഡലത്തില്‍ കൂടിയാട്ടം കോഴ്സ് തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടെ സന്ദര്‍ശകനായ പ്രൊഫസര്‍ ആയി.
വിഖ്യാത കൂടിയാട്ടം ഗുരു പൈങ്കുളം രാമ ചാക്യരായിരുന്നു അവിടത്തെ കൂടിയാട്ടം അദ്ധ്യാപകന്‍ കഥകളിയും കൂടിയാട്ടവും തമ്മില്‍ അക്കാലത്ത് ഒത്തുപോവുമായിരുന്നില്ല. കൂടിയാട്ടത്തില്‍ കലര്‍പ്പുവന്നുപോവും എന്നായിരുന്നു പേടി.
എന്നാല്‍ മാധവചാക്യാര്‍ ഇരു കലാവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. കഥകളിക്കാരെ കണ്ണുസാധകം പഠിപ്പിക്കുക വഴി കഥകളിക്ക് കണ്ണു നല്‍കി എന്ന പെരുമയും അദ്ദേഹം സ്വന്തമാക്കി.