ബൊഗോട്ട|
JOYS JOY|
Last Modified തിങ്കള്‍, 4 മെയ് 2015 (15:07 IST)
വിശ്വപ്രസിദ്ധ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ വിഖ്യാത നോവലായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ മോഷണം പോയി. നോവലിന്റെ സ്പാനിഷ് ഭാഷയിലുള്ള മൂലകൃതിയുടെ പ്രതിയാണ് മോഷണം പോയത്.
ഞായറാഴ്ച, ബൊഗോട്ടയില്‍ നടന്ന അന്താരാഷ്‌ട്ര പുസ്തകമേളയില്‍ വെച്ചാണ് പുസ്തകം കാണാതായത്. പുസ്തകത്തിന്‍റെ ഉടമയും മാര്‍ക്വേസിന്‍റെ സുഹൃത്തുമായ അല്‍വാരോ കാസ്റ്റില്ലോ ഗ്രാനഡ അറിയിച്ചതാണ് ഇക്കാര്യം.
‘പഴയ പുസ്തകങ്ങളുടെ വില്‍പനക്കാരനായ എന്‍റെ സുഹൃത്ത് അല്‍വാരോ കാസ്റ്റില്ലോക്ക് ഗാബോ സമ്മാനിക്കുന്നത്’ എന്ന് പുസ്തകത്തിനു മേല്‍ മാര്‍ക്വേസ് എഴുതിയിരുന്നു. ഗാബോ എന്ന പേരില്‍ ആയിരുന്നു ലാറ്റിനമേരിക്കയില്‍ ഉടനീളം മാര്‍ക്വേസ് അറിയപ്പെട്ടിരുന്നത്.
മറ്റു ഭാഷകളില്‍ പുറത്തിറങ്ങിയ പുറംചട്ടയില്‍ നിന്ന് വ്യത്യസ്തമായി വന്യമായ മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ബോട്ടായിരുന്നു പുറംചട്ടയിലെ ചിത്രത്തില്‍. 1982ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ മാര്‍ക്വേസ് 2014 ഏപ്രില്‍ 14നാണ് അന്തരിച്ചത്.